കുട്ടികളുടെ ഉയർന്ന പ്രായപരിധി 16 ആയി കുറയ്ക്കുന്നത് പരിഗണിക്കേണ്ട സമയം അതിക്രമിച്ചു: ഹൈക്കോടതി,

കൊച്ചി: ബാലാവകാശ നിയമപ്രകാരം കുട്ടികളുടെ ഉയർന്ന പ്രായപരിധി 16 വയസ്സായി കുറയ്ക്കുന്നത് നിയമനിർമ്മാണ സഭകൾ പരിഗണിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളും അപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ നിയമനിർമ്മാണ സഭകളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് കോടതിയുടെ പരാമർശം.
വയസ്സ് 16 ആകുമ്പോൾ തന്നെ കുട്ടികൾ ആവശ്യത്തിന് മാനസിക വളർച്ച നേടുന്നുണ്ടെന്നാണ് ഇപ്പോഴത്തെ പ്രവണത വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ കുട്ടികളുടെ വിവരസാങ്കേതിക വിജ്ഞാനവും മാനസിക വികാസവും മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നും കോടതി വിലയിരുത്തി.
പത്തൊൻപതുകാരൻ മദ്യപിച്ച് ഓടിച്ച ആഡംബര കാറിടിച്ച് നെടുമ്പാശേരിയിൽ മൂന്ന് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ബാലാവകാശ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി കണക്കാക്കുന്നത്. 18 വയസ്സിൽ താഴെയുള്ളവർ പലയിടങ്ങളിലും വാഹനാപകടങ്ങൾക്കും മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, നിയമപരമായ പ്രായപരിധി പുനർനിർണ്ണയിക്കുന്നതിൽ കാലോചിതമായ മാറ്റം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി.
For more details: The Indian Messenger



