GULF & FOREIGN NEWSTOP NEWS

കുവൈറ്റിൽ സംയുക്ത മിലിട്ടറി കമാൻഡിന്റെ അഡ്വാൻസ്ഡ് കമാൻഡ് തുറക്കാൻ ജി.സി.സി പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനം.

മനാമ: കുവൈറ്റിൽ ജി.സി.സി രാജ്യങ്ങളുടെ സംയുക്ത മിലിട്ടറി കമാൻഡിന്റെ (Unified Military Command) അഡ്വാൻസ്ഡ് കമാൻഡ് തുറക്കുന്നതിനും അതിലേക്ക് ആവശ്യമായ സൈന്യത്തെ വിന്യസിക്കുന്നതിനും ജി.സി.സി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ അംഗീകാരം നൽകിയതായി ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു.

ചൊവ്വാഴ്ച മനാമയിൽ ചേർന്ന ജി.സി.സി ജോയിന്റ് ഡിഫൻസ് കൗൺസിലിന്റെ 23-ാമത് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.

സംയുക്ത സൈനിക നീക്കങ്ങൾക്ക് പൂർണ്ണ ശ്രദ്ധയും പിന്തുണയും നൽകേണ്ടതിന്റെ പ്രാധാന്യം പ്രസ്താവനയിൽ അൽ ബുദൈവി എടുത്തുപറഞ്ഞു. ജി.സി.സി അംഗരാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും, അവരുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും, ആഗ്രഹങ്ങൾക്കനുസരിച്ച് സൈനിക ശേഷി കൂടുതൽ വികസിപ്പിക്കുന്നതിനും ആർമി ഫോഴ്സുകൾ വഹിക്കുന്ന പങ്കും ഉത്തരവാദിത്തവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ സിവിലിയൻ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തിവെച്ചുകൊണ്ട് ജി.സി.സി അംഗരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ജി.സി.സി സെക്രട്ടറി ജനറൽ ശക്തമായി അപലപിച്ചു. കൂടാതെ, സൗദി അറേബ്യയ്ക്ക് നേരെയും വിശുദ്ധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഹൂതി ഗ്രൂപ്പ് നടത്തുന്ന ആക്രമണങ്ങളെയും അദ്ദേഹം വിമർശിച്ചു. ഇത് വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രതയ്ക്ക് മേലുള്ള കടന്നുകയറ്റവും സൗദിയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള കടുത്ത ലംഘനവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

For more details: The Indian Messenger

Related Articles

Back to top button