ഖത്തറും തുർക്കിയും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു; അമീറും എർദോഗനും കൂടിക്കാഴ്ച നടത്തി.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗനും ഖത്തറും തുർക്കിയും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത പ്രതിരോധ കരാറിൽ ഇസ്താംബൂളിൽ വെച്ച് ഒപ്പുവെച്ചു.
വെള്ളിയാഴ്ച ദോൽമാബാഹ്ചെ കൊട്ടാരത്തിൽ (Dolmabahce Palace) വെച്ചാണ് ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ പ്രതിരോധ കരാർ ഒപ്പുവെച്ചത്. ഇതോടൊപ്പം ഉപഭോക്തൃ സംരക്ഷണം, വിപണി നിരീക്ഷണം, വിദ്യാഭ്യാസം, സമാധാന നിർമ്മാണം, അനുരഞ്ജനം, സംഘർഷ പരിഹാരം എന്നിവയിലെ സഹകരണം ഉൾപ്പെടെയുള്ള നിരവധി കരാറുകളും ധാരണാപത്രങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ കൈമാറി.
ഖത്തർ-തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ 12-ാമത് യോഗത്തിന്റെ സംയുക്ത പ്രസ്താവന കൈമാറുന്നതിനും അമീറും തുർക്കി പ്രസിഡന്റും സാക്ഷ്യം വഹിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ശൈഖ് സഊദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി, അമീരി ദിവാൻ മേധാവി അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി, ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി അൽ താനി എന്നിവരുൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും അമീറിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.
തുർക്കി ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ, ട്രഷറി ധനകാര്യ മന്ത്രി മെഹ്മത് സിംസെക്, ദേശീയ പ്രതിരോധ മന്ത്രി യാസർ ഗുലർ, വ്യവസായ സാങ്കേതിക വിദ്യാ മന്ത്രി മെഹ്മത് ഫാത്തിഹ് കാസിർ, വാണിജ്യ മന്ത്രി ഒമർ ബോലാത് തുടങ്ങിയ പ്രമുഖ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
For more details: The Indian Messenger



