INDIA NEWSTOP NEWS

തിരുവനന്തപുരം ആർ.സി.സിയിൽ രക്താർബുദം ബാധിച്ച ഒൻപതുമാസം പ്രായമുള്ള കുഞ്ഞിന് ചികിത്സാപിഴവെന്ന് പരാതി; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു.

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ (ആർ.സി.സി) ചികിത്സാപിഴവ് പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ഇടപെട്ടു. രക്താർബുദം ബാധിച്ച ഒൻപത് മാസം പ്രായമായ കുഞ്ഞ് ചികിത്സാപിഴവ് കാരണം നിലവിൽ അത്യസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. സംഭവത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് അന്വേഷണം നടത്താനും, ഗുരുതരമായ ചികിത്സാപിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തി റിപ്പോർട്ട് ഒരു മാസത്തിനകം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (ഡി.എം.ഇ) സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി.

രക്താർബുദം (ലുക്കീമിയ) സ്ഥിരീകരിച്ചതിനെത്തുടർന്ന് കീമോതെറാപ്പിക്കായാണ് കുഞ്ഞുമായി കുടുംബം ആർ.സി.സിയിൽ എത്തിയത്. എന്നാൽ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫുകളുടെ ഗുരുതരമായ അശ്രദ്ധയാണ് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അപകടത്തിലാക്കിയതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. കൃത്യമായി അണുവിമുക്തമാക്കാതെ ക്യാനുലയിട്ടെന്നും, നീരുവന്ന കൈയ്യിൽ തന്നെ രക്തസമ്മർദ്ദ പരിശോധന നടത്തിയത് സ്ഥിതി കൂടുതൽ വഷളാക്കിയെന്നും പരാതിയിൽ പറയുന്നു. കുഞ്ഞിന്റെ പിതാവ് വിഷ്ണു വിജയൻ ആർ.സി.സി ഡയറക്ടർക്ക് പരാതി നൽകിയ ശേഷമാണ് അടിയന്തര ഡോക്ടർമാരുടെ ഇടപെടലുണ്ടായത്. കുഞ്ഞിന് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിൽ 9 ദിവസത്തെ കാലതാമസമുണ്ടായെന്നും കുടുംബം ആരോപിക്കുന്നു.

ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിന്റെ അശ്രദ്ധയാണ് ആരോഗ്യസ്ഥിതി വഷളാക്കിയതെന്ന സൂചന നൽകുന്നതാണ് നിലവിലെ പാത്തോളജി പരിശോധനാ റിപ്പോർട്ട്. കുഞ്ഞിന്റെ കൈയ്യിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും രക്തകോശങ്ങളെ ബാധിക്കുകയും തുടർന്ന് രൂക്ഷമായ അണുബാധയുണ്ടാവുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ ഇടതുകൈയിലെ തൊലിയിൽ വ്രണം രൂപപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇത് ലുക്കീമിയ മൂലമുണ്ടായ മെഡിക്കൽ സങ്കീർണ്ണതകളാണോ എന്ന് പരിശോധിച്ചു വരികയാണെന്നുമാണ് ആർ.സി.സി ഡയറക്ടറുടെ വിശദീകരണം.

For more details: The Indian Messenger

Related Articles

Back to top button