‘തെറ്റ് തിരുത്തുന്നു’; പത്മജ വേണുഗോപാൽ ബി.ജെ.പി വിട്ടു.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ സ്ഥാനമാനങ്ങൾ ലഭിക്കാത്തതിനാലല്ല രാജിയെന്നും താൻ ചെയ്ത തെറ്റ് തിരുത്തുകയാണെന്നും പത്മജ മാധ്യമങ്ങളോട് വ്യക്തമാക്കി. 2024 മാർച്ചിലായിരുന്നു ഇവർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
താൻ ജനിച്ചുവീണത് കോൺഗ്രസ് പ്രസ്ഥാനത്തിലാണെന്നും ബി.ജെ.പിയിൽ ചേരാൻ എടുത്ത തീരുമാനം തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. അന്ന് ബി.ജെ.പിയിൽ ചേരാൻ എടുത്തത് ഒരുദിവസം കൊണ്ട് ചാടിപ്പിടിച്ച് എടുത്ത തീരുമാനമായിരുന്നു. ബി.ജെ.പിയിലെ പ്രവർത്തനം മീനിനെ പിടിച്ച് കരയിട്ടതുപോലെയായിരുന്നു തനിക്ക് അനുഭവപ്പെട്ടത്. എന്നാൽ കോൺഗ്രസിലേക്ക് തിരികെ ചേരണമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് 2024 മാർച്ച് 7-ന് ഇവർ ബി.ജെ.പിയിൽ അംഗത്വമെടുത്തത്.
ബി.ജെ.പിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് ദേശീയ സമിതി അംഗമായ ഇവർ രാജിവെക്കുന്നതായി നേരത്തെതന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പത്മജ പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. പാർട്ടിയുടെ പ്രധാനപ്പെട്ട പൊതുപരിപാടികളിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അർഹമായ അംഗീകാരങ്ങളും ലഭിച്ചില്ലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാറുള്ള ഇവർ കഴിഞ്ഞ ഏതാനും ആഴ്ചകളായി ബി.ജെ.പിയുമായി ബന്ധപ്പെട്ട വിവരങ്ങളോ ചിത്രങ്ങളോ തന്റെ ഔദ്യോഗിക പേജുകളിൽ പങ്കുവെച്ചിരുന്നില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ പത്മജയെ കേന്ദ്രസർക്കാർ ഗവർണർ പദവിയിലേക്ക് പരിഗണിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും അവസാന നിമിഷം ഇവരെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ തൃശൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചു. മുൻപ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ചെറിയ വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട തൃശൂരിൽ, ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചപ്പോൾ പത്മജയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
For more details: The Indian Messenger



