INDIA NEWSTOP NEWS

പുനരധിവാസത്തിന് 15,000 കോടി രൂപയുടെ സഹായം; നേപ്പാളിന് വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി, സരയൂ-കമല ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.

ന്യൂഡൽഹി: നേപ്പാളിന് വൻ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകൃതിദുരന്തങ്ങൾക്ക് ശേഷമുള്ള പുനരധിവാസത്തിനും ദീർഘകാല വികസനത്തിനുമായി 15,000 കോടി രൂപയുടെ സാമ്പത്തിക സഹായം ഇന്ത്യ നൽകും. കൂടാതെ, നേപ്പാളിന്റെ വാണിജ്യ ആവശ്യങ്ങൾക്കായി ഇന്ത്യയിലെ കാണ്ട്‌ല, പാരദ്വീപ് തുറമുഖങ്ങൾ ഉപയോഗിക്കാൻ അവസരമൊരുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ നേപ്പാളിന്റെ എപ്പോഴുമുള്ള വിശ്വസ്ത പങ്കാളിയാണെന്ന് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ പറഞ്ഞു. ഇന്ത്യൻ നിക്ഷേപങ്ങൾക്ക് നേപ്പാളിൽ പൂർണ്ണ പിന്തുണയും അവസരവും ഒരുക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി നേപ്പാളിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഇരുരാജ്യങ്ങൾക്കുമിടയിൽ സരയൂ – കമല എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും ചേർന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. അയോധ്യയ്ക്കും നേപ്പാളിലെ ജനക്പൂർ ധാമിനുമിടയിലാണ് ഈ പുതിയ പ്രതിവാര ട്രെയിൻ സർവീസ് സർവീസ് നടത്തുക.

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായ്ക്ക് ഇന്ത്യാ സന്ദർശനത്തിനിടെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി. ഇന്ത്യൻ സർക്കാർ ആദരസൂചകമായി അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തിയത്. സാമ്പത്തിക സഹായം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത-വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ സന്ദർശനത്തിനിടയിലെ ഉഭയകക്ഷി ചർച്ചകളിൽ വിഷയമായി.

ഇന്ത്യൻ വ്യോമപാതയിലൂടെ കൂടുതൽ അന്താരാഷ്ട്ര പ്രവേശന റൂട്ടുകൾ അനുവദിക്കണമെന്ന നേപ്പാളിന്റെ ആവശ്യവുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാലേന്ദ്ര ഷായുടെ ഇന്ത്യാ സന്ദർശനത്തിന് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.

For more details: The Indian Messenger

Related Articles

Back to top button