പ്രവാസി സേവനങ്ങൾക്കും ഇടപാടുകൾക്കും ഇനി AI സഹായി; യു.എ.ഇ സർക്കാരിന്റെ പുതിയ ‘മിറ’ എ.ഐ കോൺസിയർജ് ഏജന്റ് പദ്ധതി ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ദുബായ്: യു.എ.ഇ സർക്കാരിന്റെ സേവനങ്ങളും ഇടപാടുകളും സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ സേവന മാതൃകയും ‘മിറ’ (Mira) എന്ന് പേരിട്ടിരിക്കുന്ന എ.ഐ (AI) പേഴ്സണൽ ഗവൺമെന്റ് അസിസ്റ്റന്റും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി. ദുബായ് എക്സ്പോ സിറ്റിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ, പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമായ ഭരണനിർവ്വഹണത്തിൽ ആഗോളതലത്തിൽ മാതൃകയാകുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകളെ സർക്കാർ സേവന മേഖലയിൽ ഉൾപ്പെടുത്തി വരികയാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാനും, ജനങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി അറിഞ്ഞ് പ്രവർത്തിക്കാനും ലക്ഷ്യമിട്ടാണ് ‘മിറ’ അസിസ്റ്റന്റിന് രൂപം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനരീതിയിൽ വലിയൊരു വിപ്ലവത്തിനാണ് തുടക്കമായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, നാഷണൽ കമ്മിറ്റി ഫോർ ഏജന്റിക് എ.ഐ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ആഗോളതലത്തിലെ തന്നെ ഏറ്റവും മികച്ച സർക്കാർ സേവന അനുഭവം പൗരന്മാർക്കും പ്രവാസികൾക്കും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.
For more details: The Indian Messenger



