മുംബൈ പാർക്കിൽ ദമ്പതികൾക്ക് നേരെ പ്രായപൂർത്തിയാകാത്തവരുടെ ക്രൂരമർദ്ദനം; വടികൾ ഉപയോഗിച്ച് അടിച്ചു, 6 പേർ നിരീക്ഷണ കേന്ദ്രത്തിലേക്ക്.

മുംബൈ: മുംബൈ കുർളയിലെ പൊതു പാർക്കിൽ വെച്ച് യുവതിക്കും യുവാവിനും നേരെ 8 മുതൽ 10 പേരടങ്ങിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ സംഘത്തിന്റെ ക്രൂരമായ ആക്രമണം. വടികളും തടികളും ഉപയോഗിച്ച് ദമ്പതികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ ആറ് പ്രായപൂർത്തിയാകാത്ത കുട്ടികളെ 15 ദിവസത്തേക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് (Observation Home) അയച്ചു.
കുർള വെസ്റ്റിലെ ഫീനിക്സ് മാളിന് പുറകിലുള്ള പ്രമോദ് മഹാജൻ ഗാർഡനിൽ വെച്ചാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
ബി.ജെ.പി നേതാവ് കിരിത് സോമയ്യ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളിൽ, പ്രായപൂർത്തിയാകാത്ത 8 മുതൽ 10 വരെ വരുന്ന കുട്ടികളുടെ സംഘം ദമ്പതികളുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നത് കാണാം. തുടർന്ന് അക്രമികൾ ദമ്പതികളെ വളയുകയും വഴി തടസ്സപ്പെടുത്തി മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു. സംഘത്തിലെ ചില കുട്ടികൾ തടിയും വടിയും ഉപയോഗിച്ച് യുവാവിനെ ക്രൂരമായി അടിക്കുകയും പഞ്ച് ചെയ്യുകയും ചെയ്തു.
ഇതിനിടയിൽ യുവാവിനൊപ്പമുണ്ടായിരുന്ന യുവതി അക്രമം തടയാനും മർദ്ദനത്തിൽ നിന്ന് രക്ഷിക്കാനും ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
മർദ്ദനമേറ്റ ദമ്പതികൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രചരിച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ പരാതി ലഭിക്കുകയും, ആക്രമണത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് തിരിച്ചറിയുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 189(2) (നിയമവിരുദ്ധമായി സംഘം ചേരൽ), 118(1) (മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ), 352 (സമാധാനാന്തരീക്ഷം തകർക്കാൻ മനഃപൂർവം അധിക്ഷേപിക്കൽ), 351(2) (കുറ്റകരമായ ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
പ്രതികളായ കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടികളുടെ മാതാപിതാക്കൾക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച ബി.ജെ.പി നേതാവ് കിരിത് സോമയ്യ, ഈ ആക്രമണം “മുസ്ലീം ഗുണ്ടായിസം” ആണെന്ന് ആരോപിച്ചു.
താൻ ഇന്ന് വൈകുന്നേരത്തോടെ സംഭവസ്ഥലം സന്ദർശിക്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്ന പൗരന്മാരെയും ദമ്പതികളെയും ശല്യം ചെയ്യുകയോ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ യാതൊരു ദാക്ഷണ്യവുമില്ലാതെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നൽകി.
For more details: The Indian Messenger



