FILMS & ENTERTAINMENT

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ നർമ്മ ചിത്രം തൊടുപുഴയിൽ തുടക്കമായി; സംവിധാനം ജഗൻ ഷാജി കൈലാസ്.

തൊടുപുഴ: പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിലും പരിസരങ്ങളിലുമായി ആരംഭിച്ചു. പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്.

വൗ സിനിമാസ് ഇൻ അസ്സോസിയേഷൻ വിത്ത് വിലാസിനി സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ തൊടുപുഴ പുറപ്പുഴ ശ്രീതിരുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ നടന്നു. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. നിർമ്മാതാവ് സന്തോഷ് ത്രിവിക്രമൻ സ്വിച്ച് ഓൺ കർമ്മവും കന്നഡ നടൻ മണികണ്ഠ ഫസ്റ്റ് ക്ലാപ്പും നൽകി.

ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരനായ ഒരു മനുഷ്യന്റെ കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു നാടിന്റെ ഉൾത്തുടിപ്പുകളും ആചാരാനുഷ്ഠാനങ്ങളും തികച്ചും റിയലിസ്റ്റിക്കായി ചിരിയും ചിന്തയും സമ്മാനിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് ജഗൻ ഷാജി കൈലാസ് ഈ ചിത്രം ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട് പ്രകാശൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു ചിത്രങ്ങളായി സീരിയസ് വേഷങ്ങളിൽ തിളങ്ങിയ സുരാജ് ഈ ചിത്രത്തിലൂടെ വീണ്ടും കോമഡി വേഷങ്ങളിലേക്ക് മടങ്ങിയെത്തുന്നു.

വിനയ് ഫോർട്ട്, മഞ്ജു പിള്ള, ദേവരാജ് (‘വാഴ’ ഫെയിം), അനഘ നാരായണൻ, നോബി, നന്ദലാൽ, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ടിസ് തോമസ്, ടെസ്നി ഖാൻ, കൃഷ്ണ പ്രഭ, വൃന്ദ മേനോൻ, ഹരീഷ് (‘ഉയിർ’ ഫെയിം), സുനിൽ കുമാർ, ഉണ്ണി നായർ, അനൂപ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം: ഇലക്ട്രോണിക്സ് കിളി, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്: സൂരജ് ഇ.എസ്. പ്രൊജക്റ്റ് ഡിസൈനർ: എൻ.എസ്. രതീഷ്, കലാസംവിധാനം: മഹേഷ് മോഹൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈൻ: വെങ്കി. വൈശാഖ് രാമൻ അസോസിയേറ്റ് ഡയറക്ടറും സ്യമന്തക് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ലമണേഡ് സ്റ്റുഡിയോസ് ഡിസൈനും നിദാദ് സ്റ്റിൽസും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകുമാർ ചെന്നിത്തല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ: അനിൽ അൻസാദ്. പി.ആർ.ഒ: വാഴൂർ ജോസ്.

For more details: The Indian Messenger

Related Articles

Back to top button