INDIA NEWSNATURE & TOURISMTOP NEWS

അറബിക്കടലോരത്തെ കരിമണലിൽ വിരിഞ്ഞ സൂര്യകാന്തിപ്പാടം സഞ്ചാരികൾക്കായി കാഴ്ചയുടെ വിരുന്നൊരുക്കുന്നു.

ഒരു വശത്ത് അറബിക്കടലിന്റെ നീലിമയും മറുവശത്ത് കണ്ണെത്താദൂരത്തോളം മഞ്ഞപ്പൂക്കളുടെ വസന്തവും തീർത്ത് ആലപ്പാട് ശ്രായിക്കാട് കടൽതീരത്തെ സൂര്യകാന്തിപ്പാടം നാടിന്റെ കാഴ്ചകളിൽ വേറിട്ടൊരു വിസ്മയമാകുന്നു. മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിലാണ് ശ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രത്തിന് സമീപം അര ഏക്കറോളം വരുന്ന കരിമണൽ ഭൂമിയിൽ ഈ സൂര്യകാന്തി വിസ്മയം ഒരുക്കിയിരിക്കുന്നത്. പ്രകൃതിയും കൃഷിയും കൈകോർക്കുമ്പോൾ വിരിയുന്ന മനോഹര കാഴ്ചയാണിത്. തമിഴ്‌നാട്ടിൽ മാത്രം കണ്ടിരുന്ന ഇത്തരം സൂര്യകാന്തിപ്പാടങ്ങൾ കാണാൻ ഇനി അങ്ങോട്ട് പോകേണ്ടതില്ലെന്ന് ഈ കാഴ്ച്ച തെളിയിക്കുന്നു.

ഈ അപൂർവ്വ കാഴ്ച കാണാനായി അഴീക്കൽ ഗവ. ഹൈസ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ ശ്രായിക്കാട്ടെ സൂര്യകാന്തിപ്പാടം സന്ദർശിച്ചു. നാട്ടിൽ പോലും പലർക്കും പരിചിതമല്ലാതിരുന്ന ഈ പാടം കുട്ടികളുടെ സന്ദർശനത്തോടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കണ്ണിനും മനസ്സിനും കുളിർമയേകുന്ന ഈ അനുഭവം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി. സൂര്യകാന്തിയുടെ പ്രാധാന്യത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും കുട്ടികൾക്ക് വിശദീകരണം നൽകിയ ശ്രീമതി കൃഷ്ണമ്മയാണ് ഇതിന്റെ പരിപാലനം നിർവഹിക്കുന്നത്.

അദ്ധ്യാപകനും സ്കൗട്ട് മാസ്റ്ററുമായ മുഹമ്മദ്‌ സലിം ഖാൻ, അദ്ധ്യാപികയും ഗൈഡ്സ് ക്യാപ്റ്റനുമായ സുജാരാജ്, സ്കൂൾ കൗൺസിലറായ സുമിത മാത്യു, ബി.ആർ.സി സ്പെഷ്യൽ അദ്ധ്യാപികയായ നസീറ എന്നിവർ വിദ്യാർത്ഥികളുടെ സന്ദർശനത്തിന് നേതൃത്വം നൽകി. അറബിക്കടലോരത്തെ കരിമണലിൽ വിരിഞ്ഞുനിൽക്കുന്ന ഈ സൂര്യശോഭ സഞ്ചാരികൾക്കായി വലിയൊരു കാഴ്ചയുടെ വിരുന്നാണ് ഒരുക്കുന്നത്.

For more details: The Indian Messenger

Related Articles

Back to top button