GULF & FOREIGN NEWSPRAVASITOP NEWS

കുവൈറ്റിൽ വൻ ഡീസൽ മോഷണ സംഘം പിടിയിൽ; 13 പേർ അറസ്റ്റിൽ, 14 വാഹനങ്ങൾ പിടിച്ചെടുത്തു.

കു വൈറ്റ് സിറ്റി: വിവിധ കമ്പനികളുടെ ട്രക്കുകളിൽ നിന്ന് അനധികൃതമായി ഡീസൽ ചോർത്തി മറിച്ചുവിൽപ്പന നടത്തിവന്ന 13 അംഗ സംഘത്തെ കുവൈറ്റ് മാരിടൈം പോർട്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. പൊതു-സ്വകാര്യ സ്വത്തുക്കളുടെ സംരക്ഷണവും മോഷണങ്ങൾ തടയുന്നതും ലക്ഷ്യമിട്ട് സുരക്ഷാ സേന നടത്തുന്ന ശക്തമായ പരിശോധനകൾക്കിടയിലാണ് സംഘം പിടിയിലായത്.

കമ്പനികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതികൾ ട്രക്കുകളിൽ നിന്ന് ഡീസൽ ചോർത്തിയിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. ഇത്തരത്തിൽ കവർച്ച ചെയ്യുന്ന ഡീസൽ ലിറ്ററിന് 80 മുതൽ 150 ഫിൽസ് വരെ കുറഞ്ഞ നിരക്കിൽ മറിച്ചുവിറ്റാണ് പ്രതികൾ വൻ തുക നിയമവിരുദ്ധമായി സമ്പാദിച്ചിരുന്നത്.

സുരക്ഷാ പരിശോധനയിൽ ഇന്ധനം, ഡീസൽ, മാലിന്യ ജലം എന്നിവ കടത്താൻ ഉപയോഗിച്ചിരുന്ന ടാങ്കർ ട്രക്കുകൾ, ട്രെയിലറുകൾ, വേസ്റ്റ് ട്രക്ക്, കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ട്രക്ക് എന്നിവയുൾപ്പെടെ 14 വാഹനങ്ങൾ പോലീസുകാർ പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ പിടിച്ചെടുത്ത തെളിവുകൾക്ക് മുന്നിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പിടിച്ചെടുത്ത ട്രക്കുകൾ ഉടമസ്ഥരായ കമ്പനികൾക്ക് വിട്ടുനൽകിയതായും, അറസ്റ്റിലായ പ്രതികൾക്കെതിരെ തുടർ നിയമനടപധികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും തടയാൻ അന്വേഷണങ്ങൾ ശക്തമായി തുടരുമെന്നും, മറ്റുള്ളവരുടെ സ്വത്തുക്കൾ കവരുകയോ അനധികൃത ലാഭമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

For more details: The Indian Messenger

Related Articles

Back to top button