തിരുവനന്തപുരം 17-കാരന്റെ കൊലപാതകം ദിവസങ്ങൾ നീണ്ട ആസൂത്രണം; കുറ്റം പ്രായപൂർത്തിയാകാത്തയാൾ ഏൽക്കാൻ ധാരണയെന്ന് സിറ്റി പോലീസ് കമ്മീഷണർ.

തിരുവനന്തപുരം: പാങ്ങപ്പാറയിൽ അഭിരാം എന്ന 17-കാരനെ കൊലപ്പെടുത്തിയ സംഭവം ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് നടന്നതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ വെളിപ്പെടുത്തി. പോലീസ് പിടികൂടിയാൽ കൊലപാതകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പ്രായപൂർത്തിയാകാത്ത ഒരാളുടെ തലയിൽ മാത്രം കെട്ടിവെക്കാൻ പ്രതികൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കൗമാരക്കാർക്കിടയിലെ പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് അഭിരാമിന്റെ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകം നടത്തിയശേഷം പോലീസിന്റെ പിടിയിലായാൽ പ്രായപൂർത്തിയാകാത്ത ഒരാൾ മാത്രമാണ് കൃത്യം ചെയ്തതെന്ന് വരുത്തിത്തീർക്കാനുള്ള ധാരണ പ്രതികൾക്കിടയിലുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് കമ്മീഷണർ പറഞ്ഞു. പ്രതികൾ ഇതിന് മുമ്പും സമാനമായ രീതിയിൽ ആക്രമണങ്ങളോ കൊലപാതകശ്രമങ്ങളോ നടത്തിയിട്ടുണ്ടോയെന്നും പോലീസ് ആഴത്തിൽ പരിശോധിക്കുന്നുണ്ട്.
For more details: The Indian Messenger



