ദിണ്ടിഗലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു; സംഭവം സ്കൂളിൽ പോകാതെ കുളിക്കാനിറങ്ങിയപ്പോൾ.

ദിണ്ടിഗൽ: തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ അത്തൂർ താലൂക്കിൽപ്പെട്ട റെഡ്ഡിയാർഛത്രം ഗ്രാമത്തിൽ കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് ആൺകുട്ടികൾ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവമുണ്ടായത്. ഗ്രാമത്തിലെ കുളത്തിൽ കുളിക്കാനായി എത്തിയതായിരുന്നു കുട്ടികൾ.
ദിണ്ടിഗൽ ജില്ലയിലെ അത്തൂർ മേഖലയിലെ എസ്. വടിപ്പട്ടി ഗ്രാമത്തിൽ നിന്നുള്ള സുഹൃത്തുക്കളായ എൻ. തരുൺ (8), എം. ശബരി (9), എം. നിഷ്വന്ത് (13) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച സ്കൂളിൽ പോകാതെ മുങ്ങിയ കുട്ടികൾ ഗ്രാമത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള പഴയ കുളത്തിലേക്ക് സൈക്കിളിൽ എത്തുകയായിരുന്നു. വശങ്ങളിലും അ അടിത്തട്ടിലും ചെളിയും എക്കലും നിറഞ്ഞതായിരുന്നു കുളം. ഇവിടേക്ക് കുളിക്കാനായി ചാടിയ കുട്ടികൾ ഒന്നൊന്നായി ചെളിയിൽ കുടുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം.
വൈകുന്നേരമായിട്ടും കുട്ടികളെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്ന മാതാപിതാക്കൾ, കുളക്കരയിൽ ഇവരുടെ സൈക്കിളുകളും ചെരിപ്പുകളും കണ്ട് ഞെട്ടി. ഉടൻതന്നെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് റെഡ്ഡിയാർഛത്രം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ നടത്തിയ തിരച്ചിലിൽ മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ കുളത്തിൽ നിന്ന് കണ്ടെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ ദിണ്ടിഗൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ റെഡ്ഡിയാർഛത്രം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
For more details: The Indian Messenger



