GULF & FOREIGN NEWSTOP NEWS

മിസ് യൂണിവേഴ്സ് 2026: പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ പ്രപഞ്ചസുന്ദരി; ഇന്ത്യയുടെ കസിയാ ലിസ് മെജോ ടോപ് 12 കാണാതെ പുറത്തായി.

സാൻ ഹുവാൻ: 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ 2026-ലെ മിസ് യൂണിവേഴ്സ് (പ്രപഞ്ചസുന്ദരി) കിരീടം ചൂടി.

വെനസ്വേലയുടെ ക്ലാര ഗോയറ്റ്സ്, ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നൂനെസ് എന്നിവർ ഫൈനലിസ്റ്റുകളിൽ ഇടം നേടിയപ്പോൾ, 19 കാരിയായ കസിയാ ലിസ് മെജോ ടോപ് 12 ഘട്ടത്തിൽ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.

“പ്രപഞ്ചം അതിന്റെ പുതിയ റാണിയെ സ്വാഗതം ചെയ്യുന്നു, പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ!” എന്ന കുറിപ്പോടെയാണ് മിസ് യൂണിവേഴ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ വിജയിയെ പ്രഖ്യാപിച്ചത്.

ഈവനിംഗ് ഗൗൺ മത്സരത്തിന് മുന്നോടിയായി നടന്ന അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ സാധിക്കാതെ വന്നതോടെയാണ് കേരളത്തിൽ നിന്നുള്ള നിയമ വിദ്യാർത്ഥിനിയായ കസിയാ ലിസിന്റെ അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിലെ പോരാട്ടം അവസാനിച്ചത്.

എന്നിരുന്നാലും, മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന സംസ്ഥാനത്തു നിന്നുള്ള ആദ്യ വനിതയെന്ന ചരിത്രപരമായ നേട്ടത്തോടെ കസിയായുടെ പങ്കാളിത്തം കേരളത്തിന് ഏറെ സവിശേഷമായിരുന്നു. മാവേലിക്കര സ്വദേശിയായ കസിയാ അബുദാബിയിലെ എമിറേറ്റ്സ് നാഷണൽ സ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. നിലവിൽ ബംഗളൂരുവിൽ നിയമ പഠനം നടത്തുന്ന കസിയ മോഡലിംഗ് രംഗത്തും സജീവമാണ്.

അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാനിലുള്ള ജോസ് മിഗ്വേൽ അഗ്രെലോട്ട് കൊളീസിയത്തിൽ വെച്ചാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറിയത്. മുൻ പ്രപഞ്ചസുന്ദരി മെക്സിക്കോയുടെ ഫത്തിമ ബോഷ് പുതിയ വിജയിയെ കിരീടം അണിയിച്ചു.

ഈ വിജയത്തോടെ മിസ് യൂണിവേഴ്സ് പട്ടം നേടുന്ന പ്യൂർട്ടോ റിക്കോയിൽ നിന്നുള്ള ആറാമത്തെ വനിതയായി ജെന്നിഫർ ബാരെറ്റോ മാറി. മാരിസോൾ മലറെറ്റ് (1970), ഡെബോറ കാർത്തി-ഡ്യൂ (1985), ദയാനാര ടോറസ് (1993), ഡെനിസ് ക്വിനോണസ് (2001), സുലൈഖ റിവേര (2006) എന്നിവരാണ് രാജ്യത്ത് നിന്ന് മുമ്പ് കിരീടം ചൂടിയവർ.

2001-ൽ പ്യൂർട്ടോ റിക്കോയിലെ ബയാമോനിൽ വെച്ച് നടന്ന മത്സരത്തിൽ സ്വന്തം മണ്ണിൽ വെച്ച് ഡെനിസ് ക്വിനോണസ് കിരീടം നേടിയതിന്റെ ഓർമ്മകൾ പുതുക്കുന്നതായിരുന്നു ജെന്നിഫർ ബാരെറ്റോയുടെ ഈ വിജയം.

അതേസമയം, മൂന്ന് തവണ മാത്രമാണ് ഇന്ത്യക്ക് മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. 1994-ൽ സുസ്മിത സെന്നും, 2000-ൽ ലാറ ദത്തയും, 2021-ൽ ഹർനാസ് സന്ധുവും ഇന്ത്യയ്ക്കായി കിരീടം സ്വന്തമാക്കി.

For more details: The Indian Messenger

Related Articles

Back to top button