ഹൂതി ആക്രമണ ഭീഷണി: സൗദിയിലെ വിമാനത്താവള സുരക്ഷയിൽ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യു.എസ്. എംബസി.

റിയാദ്: സൗദി അറേബ്യയിൽ ഹൂതി വിഭാഗത്തിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി സൗദിയിലെ യു.എസ് എംബസി. വ്യോമമേഖലയെയും വിമാനത്താവളങ്ങളെയും അവശ്യ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ യാത്രാ തടസ്സങ്ങൾക്കും സാധാരണക്കാരുടെ ജീവഹാനിക്കും ഇടയാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
ചൊവ്വാഴ്ച പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിൽ, സൗദി അറേബ്യയിലെ സിവിൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള നിർണായക കേന്ദ്രങ്ങൾക്ക് നേരെ ഹൂതി വിഭാഗം കടുത്ത അക്രമങ്ങൾ നടത്തുന്നുണ്ടെന്ന് എംബസി വ്യക്തമാക്കി. ഈ സംഘർഷങ്ങൾ അതിവേഗം പ്രദേശത്തിന് പുറത്തേക്കും വ്യാപിച്ചേക്കാമെന്ന് എംബസി മുന്നറിയിപ്പ് നൽകി.
“വിമാനത്താവളങ്ങൾക്ക് നേരെ ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾ, വ്യോമപാതകൾ അടയ്ക്കൽ, വിമാന സർവീസുകൾ റദ്ദാക്കൽ, യാത്രാ തടസ്സങ്ങൾ എന്നിവയെക്കുറിച്ച് യു.എസ് പൗരന്മാർ കടുത്ത ജാഗ്രത പുലർത്തണം. സൗദിയിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്,” എന്ന് സുരക്ഷാ സന്ദേശത്തിൽ പറയുന്നു.
അതേസമയം, സൗദി അറേബ്യയുടെ തെക്കൻ മേഖല ലക്ഷ്യമാക്കി ഹൂതി വിഭാഗം തൊടുത്തുവിട്ട ഒരു ഡ്രോൺ തടഞ്ഞുനിർത്തി തകർത്തതായി സൗദി സഖ്യസേന ചൊവ്വാഴ്ച അറിയിച്ചു.
എന്നാൽ, സൗദി അതിർത്തിക്കുള്ളിലോ മക്ക മേഖലയിലോ ചൊവ്വാഴ്ച സൈനിക ആക്രമണങ്ങളോ ഓപ്പറേഷനുകളോ നടത്തിയിട്ടില്ലെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി.
യെമനിലെ അന്താരാഷ്ട്ര അംഗീകൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സൗദി സഖ്യസേനയും ഹൂതികളും തമ്മിൽ നിലനിൽക്കുന്ന കടുത്ത ഏറ്റുമുട്ടലുകളുടെ തുടർച്ചയായാണ് പുതിയ സംഭവവികാസങ്ങൾ.
2014-ൽ ഹൂതി വിമതർ യെമൻ തലസ്ഥാനമായ സനാ ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന്, 2015 മാർച്ച് മുതലാണ് ഹൂതികൾക്കെതിരെയുള്ള സൈനിക നടപടികൾക്ക് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന തുടക്കമിട്ടത്.
For more details: The Indian Messenger



