INDIA NEWSTOP NEWS

ആലുവയിലെ ഹാലോവിൻ ലഹരി പാർട്ടി: ആസൂത്രണം ചെയ്ത 24-കാരിയെ ചോദ്യം ചെയ്യാൻ പൊലീസ്; അന്വേഷണം ഊർജിതമാക്കി.

ആലുവ: ആലുവയിൽ വലിയ വിവാദമായ ഹാലോവിൻ ലഹരി പാർട്ടി ആസൂത്രണം ചെയ്ത 24 വയസ്സുള്ള യുവതിയെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. എറണാകുളം സ്വദേശിയായ ഇവർ, കേസിൽ നേരത്തെ അറസ്റ്റിലായ അലക്സിന്റെ അടുത്ത സുഹൃത്താണ്. പാർട്ടിയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അതേസമയം, കേസിൽ അറസ്റ്റിലായ അലക്സിനായി പൊലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. അലക്സും ഈ യുവതിയും ചേർന്നാണ് ഹാലോവിൻ പാർട്ടി ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹാലോവിൻ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി നടന്ന റിസോർട്ടിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ മൂക്കിൻതുമ്പിൽ വെച്ച് നടന്ന ഹാലോവിൻ പാർട്ടിയെക്കുറിച്ച് ആലുവ പൊലീസിന് മുൻകൂട്ടി വിവരമൊന്നും ലഭിച്ചിരുന്നില്ല. വാർത്ത വിവാദമായതോടെ അന്വേഷണം ഊർജിതമാക്കിയ പൊലീസ്, പാർട്ടിയിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കുകയും ഇവരെ ചോദ്യം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ പങ്കെടുത്ത പാർട്ടിയിൽ മദ്യം എത്തിച്ചു നൽകിയത് ആരാണെന്ന് കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പാർട്ടി നടന്ന ആലുവയിലെ റിസോർട്ടിന് പൊലീസ് ഉടൻ നോട്ടീസ് നൽകും. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പാർട്ടി നടത്താൻ അനുമതി നൽകിയതെന്ന് റിസോർട്ട് അധികൃതർ വ്യക്തമാക്കേണ്ടി വരും. പൊലീസിനെ മുൻകൂട്ടി അറിയിക്കാതെയാണ് പാർട്ടി സംഘടിപ്പിച്ചത്. സംഭവത്തിൽ റിസോർട്ടിന്റെ കെയർടേക്കറുടെ മൊഴി പൊലീസ് ശേഖരിച്ചു കഴിഞ്ഞു. കൂടാതെ, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം വിതരണം ചെയ്ത സംഭവത്തിൽ എക്സൈസ് വകുപ്പും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

For more details: The Indian Messenger

Related Articles

Back to top button