INDIA NEWSTOP NEWS

പൂവാറിൽ യുവാവിന്റെ ദുരൂഹമരണം: ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം വിശദമായ അന്വേഷണമെന്ന് പൊലീസ്; മൊബൈൽ ഫോണും ഭക്ഷണപ്പൊതിയും ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

തിരുവനന്തപുരം: പൂവാർ കരിങ്കുളത്ത് 20 വയസുകാരനായ സനോജിനെ പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ വിശദമായ അന്വേഷണം ഉണ്ടാകൂ എന്ന് പൊലീസ് വ്യക്തമാക്കി. കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണും ഭക്ഷണപ്പൊതിയും വിദഗ്ധ പരിശോധനയ്ക്കായി അയക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവദിവസം തന്റെ മകളും മുത്തച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി.

കഴിഞ്ഞമാസം 23-നാണ് സനോജിനെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നും അന്ന് രാത്രി അവിടെ തങ്ങുമെന്നും പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് യുവാവ് അവിടെ എത്തിയിട്ടില്ലെന്ന വിവരം കുടുംബം അറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ മൂന്ന് ദിവസത്തിന് ശേഷമാണ് പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടകിണറ്റിൽ നിന്ന് സനോജിന്റെ മൃതദേഹം കണ്ടെത്തിയത്.

ആഴവും വെള്ളവും കുറഞ്ഞ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതൊരു കൊലപാതകമാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി സനോജിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് കിണറ്റിൽ നിന്ന് സനോജിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തത്. എന്നാൽ ആദ്യ രണ്ട് തവണ ഫയർഫോഴ്സും പൊലീസും നടത്തിയ പരിശോധനയിൽ ഫോൺ ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ഗുരുതര ആരോപണം. സംഭവദിവസം പെൺസുഹൃത്തിന്റെ നിർദേശപ്രകാരം സനോജ് ഷവർമ വാങ്ങിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

For more details: The Indian Messenger

Related Articles

Back to top button