INDIA NEWSTOP NEWS

‘പൊലീസിനും രക്ഷയില്ല’; വെമ്പായത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണ്ണവും പണവും കവർന്നു.

തിരുവനന്തപുരം: വെമ്പായത്തിന് സമീപം കന്യാകുളങ്ങരയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പട്ടാപ്പകൽ വൻ മോഷണം. വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജസ്‌നാദിന്റെ വീട് കുത്തിത്തുറന്നാണ് 12 പവൻ സ്വർണ്ണാഭരണങ്ങളും 2,500 രൂപയും കവർന്നത്. രാവിലെ എട്ടരയ്ക്കും വൈകിട്ട് മൂന്നരയ്ക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

പതിവുപോലെ രാവിലെ വീട് പൂട്ടി താക്കോലെടുത്ത ശേഷം ജസ്‌നാദും അധ്യാപികയായ ഭാര്യയും ജോലിക്കും, മൂന്ന് മക്കൾ സ്കൂളിലേക്കും പോയ സമയത്തായിരുന്നു കവർച്ച. വൈകിട്ട് മൂന്നരയോടെ ഭാര്യയും മക്കളും തിരികെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ വിവരം ജസ്‌നാദിനെയും നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് 12 പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്നതായി കണ്ടെത്തിയത്. വീടിനുള്ളിലെ സാധനസാമഗ്രികളെല്ലാം വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു.

സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി (CCTV) ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

For more details: The Indian Messenger

Related Articles

Back to top button