INDIA NEWSTOP NEWS

‘മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം; വെല്ലുവിളിക്കുന്ന മന്ത്രിമാരെ മാറ്റണം’; യു.ഡി.എഫ് സർക്കാരിനെതിരെ വിമർശനവുമായി ജി. സുധാകരൻ.

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിനുള്ളിലെ രൂക്ഷമായ ആഭ്യന്തര കലഹങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ജി. സുധാകരൻ എം.എൽ.എ രംഗത്തെത്തി. മുഖ്യമന്ത്രിയെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കണമെന്നും, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരുണ്ടെങ്കിൽ അവരെ ഉടനടി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില എം.പിമാർ പോലും മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്ന് ആലപ്പുഴയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ സുധാകരൻ പരിഹസിച്ചു.

അനാവശ്യമായ പോരുകളും വ്യക്തിപരമായ അസംതൃപ്തികളും മാറ്റിവെച്ച് ജനങ്ങൾ ആഗ്രഹിക്കുന്ന മികച്ച ഭരണം കാഴ്ചവെക്കാൻ സർക്കാർ തയ്യാറാകണമെന്നും, അതിന് ഇപ്പോഴും സമയമുണ്ടെന്നും അദ്ദേഹം ഭരണനേതൃത്വത്തെ ഓർമ്മിപ്പിച്ചു.

മന്ത്രിമാരിൽ കൊള്ളാത്തവർ ഉണ്ടെങ്കിൽ അവരെ അപ്പോൾ തന്നെ മാറ്റണമെന്ന് സുധാകരൻ തുറന്നടിച്ചു. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരൊറ്റ മന്ത്രി പോലും മന്ത്രിസഭയിൽ ഇരിക്കാൻ പാടില്ലെന്നും അത്തരം പ്രവണതകൾ തികച്ചും ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വിശ്വാസമാണ് ഒരു മന്ത്രിയുടെ നിലനിൽപ്പിന് അടിസ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ആ വിശ്വാസമുള്ളിടത്തോളം കാലം മാത്രമേ ഒരു മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ സാധിക്കൂ. മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രസ്താവന ഇറക്കുന്നവർ എത്ര വലിയ ഉന്നതരായാലും അവരെ തൽക്ഷണം പുറത്താക്കി പകരം യോഗ്യരായ ആളുകളെ നിയമിക്കണമെന്നും, അതിനുള്ള പൂർണ്ണ അധികാരം മുഖ്യമന്ത്രിക്കുണ്ടെന്നും സുധാകരൻ പറഞ്ഞു. പല ഘടകങ്ങളും ഇടവും വലവും നോക്കേണ്ടി വരുന്നത് കൊണ്ടാണ് മുഖ്യമന്ത്രി അത്തരം കടുത്ത നടപടികൾക്ക് മുതിരാത്തതെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

For more details: The Indian Messenger

Related Articles

Back to top button