യുദ്ധഭീതിക്കിടെ പുതിയ ഭൂഗർഭ ‘മിസൈൽ നഗരം’ പുറത്തുവിട്ട് ഇറാന്റെ ഐ.ആർ.ജി.സി; ആയുധ ശേഷിയും നിർമ്മാണ ശാലകളും മാറ്റിയതായി വെളിപ്പെടുത്തൽ.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) തങ്ങളുടെ പുതിയ ഭൂഗർഭ ‘മിസൈൽ നഗരം’ പുറത്തുവിട്ടു. ബാലസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവയുടെ വിക്ഷേപണ സംവിധാനങ്ങളുമാണ് ഇറാൻ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഐ.ആർ.ജി.സിയുമായി ബന്ധപ്പെട്ട തസ്നിം ന്യൂസ് ഏജൻസി ചൊവ്വാഴ്ചയാണ് (നവംബർ 10) എയറോസ്പേസ് വാരത്തോടനുബന്ധിച്ച് ഈ ഭൂഗർഭ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇറാന്റെ സായുധ സേനാ മേധാവി മേജർ ജനറൽ അലി അബ്ദുള്ളാഹിയും ഐ.ആർ.ജി.സി എയറോസ്പേസ് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൂസവിയും ചടങ്ങിൽ പങ്കെടുത്തു.
ഈ കേന്ദ്രത്തിൽ വിവിധ തരത്തിലുള്ള ബാലസ്റ്റിക്, ക്രൂയിസ് മിസൈലുകളും ലോഞ്ചറുകളും സൂക്ഷിച്ചിട്ടുണ്ടെന്ന് തസ്നിം വാർത്താ ഏജൻസി വ്യക്തമാക്കി. എന്നാൽ ഇതിന്റെ കൃത്യമായ സ്ഥാനമോ, മിസൈലുകളുടെ എണ്ണമോ, ഏതിനം ആയുധങ്ങളാണെന്നോ പുറത്തുവിട്ടിട്ടില്ല. എയറോസ്പേസ് വാരത്തിൽ തങ്ങൾ പുതിയൊരു ഭൂഗർഭ മിസൈൽ നഗരവും മറ്റ് സൈനിക നേട്ടങ്ങളും വെളിപ്പെടുത്തുമെന്ന് ഐ.ആർ.ജി.സി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബി നേരത്തെ അറിയിച്ചിരുന്നു.
2022-ൽ യു.എസ് സെൻട്രൽ കമാൻഡ് നടത്തിയ വിലയിരുത്തൽ പ്രകാരം ഇറാനിൽ 3,000-ത്തിലധികം ബാലസ്റ്റിക് മിസൈലുകൾ ഉണ്ടെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ അമേരിക്കയും ഇസ്രായേലും നടത്തിയ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് നിലവിലെ പരസ്യ റിപ്പോർട്ടുകൾ പ്രകാരം ഇറാന്റെ ബാലസ്റ്റിക് മിസൈൽ ശേഖരം 2,000-ൽ താഴെയായി കുറഞ്ഞതായി കരുതപ്പെടുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ, ഇറാന്റെ കൈവശം ഏകദേശം 2,500 ബാലസ്റ്റിക് മിസൈലുകൾ ഉണ്ടെന്നും പ്രതിമാസം ഡസൻ കണക്കിന് പുതിയ മിസൈലുകൾ ഇറാൻ നിർമ്മിക്കുന്നുണ്ടെന്നും ഇസ്രായേൽ സൈന്യം വിലയിരുത്തിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള 2,500 എണ്ണത്തിൽ നിന്ന് നിലവിൽ 1,000 മുതൽ 1,500 വരെ മിസൈലുകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രായേൽ വ്യോമാക്രമണങ്ങൾ ഉണ്ടായിട്ടും ഇറാന്റെ ഭൂരിഭാഗം ഭൂഗർഭ തുരങ്കങ്ങളും സുരക്ഷിതമായി തുടരുന്നുണ്ട്.
മിസൈൽ ലോഞ്ചറുകളുടെ കാര്യത്തിൽ, ഇറാന്റെ മിസൈൽ, ഡ്രോൺ ലോഞ്ചറുകളിൽ ഏകദേശം 60 ശതമാനവും സുരക്ഷിതമാണെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. എന്നാൽ കൃത്യമായ കണക്കുകൾ ഇപ്പോഴും വ്യക്താമല്ല.
ഉപരിതലത്തിൽ പ്രവർത്തിച്ചിരുന്ന മിസൈൽ, ഡ്രോൺ ഉൽപ്പാദന ശാലകൾ പൂർണ്ണമായും ഭൂഗർഭ സമുച്ചയങ്ങളിലേക്ക് മാറ്റിയതായി മൊഹെബി പറഞ്ഞു. ഇവ കേവലം സംഭരണ കേന്ദ്രങ്ങളല്ലെന്നും മറിച്ച് “മിസൈൽ ഉൽപ്പാദന നഗരങ്ങൾ” ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
തദ്ദേശീയമായ സാങ്കേതിക വിദ്യയും വിശാലമായ ഭൂപ്രദേശവും ഇറാന്റെ ആയുധ നിർമ്മാണത്തെ കനത്ത ബോംബാക്രമണങ്ങൾക്കിടയിലും തുടരാൻ സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
പുതിയ മിസൈൽ കേന്ദ്രത്തിന്റെ യഥാർത്ഥ ശേഷിയെക്കുറിച്ച് പുറത്തുനിന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ ആവശ്യമെങ്കിൽ മേഖലയിലും അതിനുപുറത്തുമുള്ള ശത്രു ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇറാന സാധിക്കുമെന്ന് ഐ.ആർ.ജി.സി കമാൻഡർ മൂസവി മുന്നറിയിപ്പ് നൽകി.
ഇത് മേഖലയിൽ വീണ്ടും സംഘർഷ സാധ്യത വർദ്ധിപ്പിക്കാൻ ഇടയാക്കും. ഇറാന്റെ മിസൈൽ, ഡ്രോൺ പ്രോഗ്രാമുകളുടെ മേൽനോട്ടം വഹിക്കുന്നത് ഐ.ആർ.ജി.സി എയറോസ്പേസ് ഫോഴ്സാണ്. ആക്രമണങ്ങളിൽ നിന്ന് ആയുധ വിക്ഷേപണ ശേഷിയും ഉൽപ്പാദന ശേഷിയും സംരക്ഷിക്കുന്നതിൽ ഇറാന്റെ ഈ ഭൂഗർഭ കേന്ദ്രങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്.
For more details: The Indian Messenger



