യെമൻ ഹൂതികൾ സൗദിയോട് 51 ബില്യൺ ഡോളർ ആവശ്യപ്പെട്ടെന്ന വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് തള്ളി സൗദി വിദേശകാര്യ മന്ത്രാലയം.

റിയാദ്: സായുധ പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിന് പകരം യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയോട് 51 ബില്യൺ ഡോളറും (ഏകദേശം 4.25 ലക്ഷം കോടി രൂപ) രാജ്യത്തെ ഭരണാധികാരികളെന്ന അംഗീകാരവും ആവശ്യപ്പെട്ടെന്ന വാൾ സ്ട്രീറ്റ് ജേർണലിന്റെ (Wall Street Journal) റിപ്പോർട്ട് തള്ളി സൗദി അറേബ്യ. ബുധനാഴ്ച പുറത്തുവന്ന റിപ്പോർട്ട് പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു.
പത്രത്തിന്റെ ലേഖകരുടെയോ അവരുടെ സ്രോതസ്സുകളുടെയോ ഭാവനാസൃഷ്ടി മാത്രമാണ് ഈ റിപ്പോർട്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പബ്ലിക് ഡിപ്ലോമസി ഡെപ്യൂട്ടി മിനിസ്റ്റർ റായെദ് ക്രിംലി എക്സ് (X) പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. ഈ വാദങ്ങളിൽ യാതൊരുവിധ സത്യവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യെമനിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ സായുധ കലാപം നടത്തുകയും, ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയും, രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ സംഘർഷങ്ങളിലേക്ക് യെമനെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വിഭാഗമാണ് ഹൂതികളെന്ന് റായെദ് ക്രിംലി ആരോപിച്ചു.
ചെങ്കടലിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിനും സിവിലിയൻ-സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഹൂതികൾ നിരന്തരം ആക്രമണം നടത്തുകയാണെന്നും, സമാധാന ശ്രമങ്ങളെ അവർ ബോധപൂർവ്വം തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യെമന്‍ നിലവിൽ തന്നെ അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു സർക്കാരുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
For more details: The Indian Messenger



