INDIA NEWSTOP NEWS

അഭിമന്യു വധക്കേസ്: നെഞ്ചിലേറ്റ കുത്ത് ഹൃദയത്തിലേക്ക് തുളച്ചുകയറി; കോടതിയിൽ നിർണായക മൊഴി നൽകി ഫോറൻസിക് സർജൻ.

എറണാകുളം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്ത് ഹൃദയത്തിലേക്ക് തുളച്ചുകയറിയിരുന്നതായി ഫോറൻസിക് സർജന്റെ നിർണായക മൊഴി. അഭിമന്യു വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന സാക്ഷി വിസ്താരത്തിനിടെയാണ് പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ എറണാകുളം ജനറൽ ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ. ബിജു ജെയിംസ് ഇക്കാര്യം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ. കെ. ബാലകൃഷ്ണൻ മുമ്പാകെ വ്യക്തമാക്കിയത്.

ആക്രമണത്തിൽ നെഞ്ചിലേറ്റ മുറിവ് ഉടനടി മരണം സംഭവിക്കാൻ പര്യാപ്തമായതായിരുന്നുവെന്ന് ഡോ. ബിജു ജെയിംസ് മൊഴി നൽകി. മരണകാരണമായ കുത്ത് ഏൽക്കുമ്പോൾ കൈകൾ കൊണ്ട് പ്രതിരോധിക്കാൻ കഴിയാത്ത നിലയിലായിരുന്നിരിക്കാം അഭിമന്യു നിന്നത്. മൂർച്ചയുള്ളതും അഗ്രം കൂർത്തതുമായ മാരകായുധം കൊണ്ടാകാം ഹൃദയത്തിലേക്ക് തുളച്ചുകയറിയ ഈ മുറിവുണ്ടായതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സംഭവസ്ഥലത്തിന്റെ സീൻ പ്ലാൻ തയ്യാറാക്കിയ വില്ലേജ് ഓഫീസർ അശോക് കുമാറിനെയും കോടതി കഴിഞ്ഞ ദിവസം വിസ്തരിച്ചു.

കൊലപാതകം നടന്ന 2018 ജൂലൈ രണ്ടിന് ശേഷം കേസിൽ ഉൾപ്പെട്ട മൂന്ന് പ്രധാന പ്രതികളുടെ മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമായിരുന്നുവെന്ന് ഭാരതി എയർടെൽ നോഡൽ ഓഫീസർ വാസുദേവൻ നായർ കോടതിയിൽ നേരത്തെ മൊഴി നൽകിയിരുന്നു. ആറാം പ്രതി റജീബ്, ഏഴാം പ്രതി അബ്ദുൾ നാസർ, ഒമ്പതാം പ്രതി ഫിഫാസ് എന്നിവരുടെ മൊബൈൽ കണക്ഷൻ വിവരങ്ങളും കോൾ വിശദാംശങ്ങളും പ്രോസിക്യൂഷൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അഭിമന്യു കൊല്ലപ്പെട്ടതിന്റെ തലേദിവസവും കൊലപാതകം നടന്ന ദിവസവും ഈ മൂന്ന് പ്രതികളും കേസിലെ മറ്റ് പ്രതികളുമായി തുടർച്ചയായി ഫോണിൽ സംസാരിച്ചതിന്റെ നിർണായക രേഖകളും കോടതിക്ക് കൈമാറി.

നിരോധിത സംഘടനകളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് എന്നിവയുടെ പ്രവർത്തകരായ 16 പ്രതികളാണ് കേസിൽ വിചാരണ നേരിടുന്നത്. രഹസ്യ വിചാരണ അനുവദിക്കണമെന്നും കോടതിക്ക് പുറത്ത് മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. തുടർന്ന് പ്രതികൾ കുറ്റം നിഷേധിച്ചതോടെയാണ് വിചാരണ നടപടികൾ ആരംഭിച്ചത്. കേസിൽ ആകെ 156 സാക്ഷികളാണുള്ളത്. പ്രതികൾ നേരത്തെ പലതവണ കോടതിയിൽ ഹാജരാകാതിരുന്നതിൽ വിചാരണ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

അഭിമന്യുവിന്റെ അമ്മ ഭൂപതി സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി, വിചാരണ പൂർത്തിയാക്കി നാല് മാസത്തിനുള്ളിൽ അന്തിമ വിധി പ്രസ്താവിക്കാൻ സെഷൻസ് കോടതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും സമയപരിധി നീട്ടിനൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിക്കഴിഞ്ഞു. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ – ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിൽ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യു കൊല്ലപ്പെടുന്നത്.

For more details: The Indian Messenger

Related Articles

Back to top button