മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മർക്കസ് സന്ദർശിച്ചു; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി.

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കോഴിക്കോട് കാരന്തൂരിലെ മർക്കസു സ്സഖാഫത്തി സ്സുന്നിയ്യയിൽ എത്തി ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. മർക്കസും മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ-സാംസ്കാരിക സഹകരണവും, മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും ഇരുനേതാക്കളും ചർച്ച ചെയ്തു. അഞ്ച് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിലെ ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഞായറാഴ്ച വൈകിട്ട് 5.40-ന് മർക്കസിലെത്തിയത്.
മർക്കസ് വർക്കിംഗ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, സെക്രട്ടറി സി. മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മാനുഷിക സേവനം, സാമൂഹിക പരിഷ്കരണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മർക്കസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ അൻവർ ഇബ്രാഹിമിന് സമ്മാനിച്ചു. തുടർന്ന് കാന്തപുരത്തോടൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദർശിച്ചു.
ചടങ്ങിൽ സംസാരിച്ച അൻവർ ഇബ്രാഹിം, ഡൽഹിയിലെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാന്തപുരത്തിന് കൈമാറാൻ ഏൽപ്പിച്ച സ്നേഹാന്വേഷണങ്ങൾ അറിയിച്ചു. മലബാർ തീരവും മലേഷ്യയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെക്കുറിച്ചും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കാന്തപുരവുമായുള്ള ചർച്ചയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിഷയമായെന്നും, ‘ഉത്തരവാദിത്തമുള്ള എ.ഐ’ എന്ന ആശയത്തെ മതപണ്ഡിതന്മാർ ഉൾക്കൊള്ളുന്നത് പ്രോത്സാഹനജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
For more details: The Indian Messenger



