ഗുണമേന്മ കുറഞ്ഞ നെയ് അരവണയിൽ ചേർത്തത് നീതീകരിക്കാനാകാത്ത കാര്യം; ക്രമക്കേടിൽ ദേവസ്വം ബോർഡിനും വീഴ്ചയെന്ന് കെ. ജയകുമാർ.
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ തനിക്ക് വലിയ പ്രയാസമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. നെയ് വാങ്ങിയതിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഗുണമേന്മ കുറഞ്ഞ നെയ് അരവണയിൽ ചേർത്തത് ഒരുതരത്തിലും നീതീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നെയ് പണം കൊടുത്ത് വാങ്ങേണ്ടതില്ലെന്ന തന്റെ ബോർഡിന്റെ തീരുമാനം ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മനപ്രയാസമുള്ള കാര്യങ്ങളാണ് കേൾക്കുന്നതെന്ന് കെ. ജയകുമാർ പറഞ്ഞു. “ശബരിമലയിലാണ് ഈ നെയ് എത്തിയത് എന്നുള്ളത് ശരി തന്നെയാണ്. മിൽമയ്ക്കാണ് ഓർഡർ കൊടുത്തത്. ടെസ്റ്റ് ചെയ്യാൻ കൊടുത്തത് തന്നെയാണോ എത്തിയത് എന്നതൊക്കെ അന്വേഷിക്കേണ്ട കാര്യങ്ങളാണ്. നമ്മൾ നേരിട്ട് ഇടപെടുന്ന ഒരു കാര്യമല്ല ഇത്. മിൽമയോട് നമ്മൾ നെയ് ആവശ്യപ്പെട്ടു, അവർ അത് സപ്ലൈ ചെയ്തു. ഫുഡ് സേഫ്റ്റിയുടെ ക്ലിയറൻസും ഉണ്ട്. അതുകൊണ്ട് ദേവസ്വം ബോർഡിന്റെ ഒരു വീഴ്ചയാണ് ഇതെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം പറഞ്ഞു. മിൽമയാണ് അവരുടെ ആ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തിനാണ് മിൽമയിൽ നിന്ന് നെയ് വാങ്ങിക്കേണ്ടി വന്നതെന്ന കാര്യം താൻ ഇതിനു മുൻപ് തന്നെ പരിശോധിച്ചിരുന്നുവെന്നും, ആദ്യം പറഞ്ഞതുപോലെ ദേവസ്വം ബോർഡിന് വീഴ്ച ഉണ്ടായിട്ടില്ല എന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. “വീഴ്ച വീഴ്ച എന്ന് പറഞ്ഞാൽ അൾട്ടിമേറ്റായി ഇതിന്റെ സഫറർ ആരാണ്? ക്വാളിറ്റി കുറഞ്ഞ നെയ് വന്നുവെങ്കിൽ അത് നമ്മുടെ അരവണയിൽ ആണല്ലോ ചേർത്തത്. അത് തികച്ചും തെറ്റായ കാര്യം തന്നെയാണ്. അങ്ങനെ സംഭവിക്കാനും പാടില്ലായിരുന്നു. ഏതായാലും ഈ വർഷം എന്തിനാണ് നെയ് വാങ്ങിച്ചത് എന്ന ചോദ്യം ഞാൻ ചോദിച്ചിട്ടുണ്ട്. കാരണം ശബരിമലയിൽ നെയ്ക്ക് ഒരു പഞ്ഞവുമില്ല. ഇനി മുതൽ ശബരിമലയിൽ നെയ് കാശ് കൊടുത്ത് വാങ്ങുന്ന പ്രശ്നമേയില്ല,” കെ. ജയകുമാർ ഉറപ്പിച്ചു പറഞ്ഞു.
Short Brief
Travancore Devaswom Board President K. Jayakumar expressed distress over the Sabarimala ghee controversy, calling the use of substandard ghee in ‘Aravana’ unjustifiable while clarifying that Milma was responsible for the supply, and confirming that the Board will no longer purchase ghee using funds.
For more details: The Indian Messenger



