കേന്ദ്ര സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി, പ്രീതി സിന്റ എന്നിവരുൾപ്പെടെ 18 പുതിയ അംഗങ്ങൾ.

കേന്ദ്ര സെൻസർ ബോർഡ് (സി.ബി.എഫ്.സി) കേന്ദ്ര സർക്കാർ പുനഃസംഘടിപ്പിച്ചു. ചലച്ചിത്ര സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നിരന്തരം തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് 18 പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ബോർഡിന്റെ വരവ്.
ചില മുൻകാല അംഗങ്ങൾ സജീവമല്ലാതാവുകയും മറ്റു ചിലരുടെ കാലാവധി കഴിയുകയോ മരിക്കുകയോ ചെയ്തതിനെത്തുടർന്ന് ബോർഡിന്റെ പുനഃസംഘടന ഏറെക്കാലമായി വൈകുകയായിരുന്നു എന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സാധാരണയായി ഓരോ മൂന്ന് വർഷത്തിലുമാണ് ബോർഡ് പുനഃസംഘടിപ്പിക്കാറുള്ളത്. 12 അംഗങ്ങളുമായി അവസാനമായി ബോർഡ് പുനഃസംഘടിപ്പിച്ചത് 2017ലാണ്.
സംവിധായകൻ പ്രിയദർശൻ, പ്രമുഖ നടന്മാരായ മനോജ് ജോഷി, സുനിൽ ഷെട്ടി, പ്രീതി സിന്റ, പങ്കജ് ത്രിപാഠി, പ്രൊസെൻജിത് ചാറ്റർജി, സംഗീതസംവിധായകൻ റിക്കി കേജ്, വിനോദ് അനുപം, അഭിഷേക് ജെയ്ൻ, ഹൻസ് രാജ് ഹൻസ്, സുപ്രിയ യർലഗഡ്ഡ, യതീന്ദ്ര മിശ്ര, രൂപാലി ഗാംഗുലി, നീല മാധബ് പാണ്ഡ, പല്ലവി ജോഷി, നിഷിഗന്ധ വാദ്, വാമൻ കേന്ദ്രെ, രമേഷ് പടാങ്കെ എന്നിവരാണ് പുതിയ ബോർഡിലെ മറ്റ് അംഗങ്ങൾ.
For more details: The Indian Messenger



