
മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി. ശ്രീനാഥ് ഭാസി നായകനാകുന്ന ‘പ്രിയതമൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
മാതാവിന്റെ നാട്ടിൽത്തന്നെ മകൾ ക്യാമറയ്ക്ക് മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി. കൊല്ലം കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെന്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ‘പ്രിയതമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം റെജി പ്രഭാകറാണ് സംവിധാനം ചെയ്യുന്നത്.
അഭിനേതാക്കൾ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സെന്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബാസ്റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ഉർവ്വശിയുടെ നാടു കൂടിയാണ് ഈ പ്രദേശം. അച്ഛൻ മനോജ് കെ. ജയനോടൊപ്പമാണ് തേജാലക്ഷ്മി ചടങ്ങിൽ എത്തിയത്. ശ്രീനാഥ് ഭാസിയടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ പത്മരാജ് രതീഷ്, സുധീർ കരമന, സുനിൽ സുഖദ, വിദ്യാ വിശ്വനാഥ് എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.
ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്., മുനീർ അറക്കൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരിടത്തരം പട്ടണത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഫാമിലി ഹ്യൂമർ ചിത്രമാണ് റെജി പ്രഭാകരൻ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
ടി. എ. റസാഖിന്റെ തിരക്കഥയിൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രമാണ് റെജി പ്രഭാകരൻ ആദ്യമായി സംവിധാനം ചെയ്തത്. ഏറെ പുരസ്കാരങ്ങൾ നേടിയ ഈ ചിത്രത്തിന് ശേഷം റെജി പ്രഭാകരൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ‘സുഖമായിരിക്കട്ടെ’ ഗൗരവമുള്ള വിഷയമായിരുന്നുവെങ്കിൽ ഈ ചിത്രം ഹ്യൂമർ നിറഞ്ഞ ഒരു കുടുംബ കഥയാണ് പറയുന്നത്.
ഏറെ ആത്മബന്ധമുള്ള ഒരമ്മയുടെയും മകന്റെയും ജീവിതത്തിനിടയിലേക്ക് എം.ബി.എ. ബിരുദധാരിയായ ഒരു പെൺകുട്ടിയുടെ കടന്നുവരവിലൂടെ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. കൊച്ചു കൊച്ചു രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.
വിശ്വാസ്, പ്രിയ എന്നിവയാണ് ശ്രീനാഥ് ഭാസിയുടെയും തേജാലക്ഷ്മിയുടെയും കഥാപാത്രങ്ങളുടെ പേരുകൾ. ശാന്തി കൃഷ്ണ, ഇർഷാദ്, മീരാ നായർ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, മഞ്ജു പത്രോസ്, ദിനേശ് പണിക്കർ, കുടശ്ശനാട് കനകം, സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ്, കൈഫ്, സുബിൻ, സിനു സൈനുദ്ദീൻ, ജോസ് പേരൂർക്കട എന്നിവരും പ്രധാന താരങ്ങളാണ്.
നിരവധി ഹ്യൂമർ കുടുംബ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കഥ- സനു ഭാസ്കർ, ഗാനങ്ങൾ- റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, സംഗീതം- രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ, പശ്ചാത്തല സംഗീതം- റോണി റാഫേൽ, ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, കലാ സംവിധാനം- അർക്കൻ എസ്. കർമ്മ, മേക്കപ്പ്- പട്ടണം ഷാ, കോസ്റ്റ്യൂം ഡിസൈൻ- ഇന്ദ്രൻസ് ജയൻ, കോ-ഡയറക്ടർ- ഹാരിസൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ, അസ്സോസ്സിയേറ്റ് ഡയറക്ടർ- ശരത്, സഹസംവിധാനം- അനീഷ് കാട്ടിക്കോ, രാജേഷ് ആർ., റിസ്വാൻ, കാസ്റ്റിംഗ് ഡയറക്ടർ- ആരോമൽ ആർ., സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- രാജേഷ് തങ്കപ്പൻ, സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്.
കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും, വാഗമണ്ണിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.
For more details: The Indian Messenger



