കരുവാറ്റ വയോധികന്റെ കൊലപാതകം: പ്രായപൂർത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പുമായി പൊലീസിന് മുന്നോട്ട് പോകാം; മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി.

ആലപ്പുഴ: കരുവാറ്റയിൽ കൊച്ചുമകൾ നൽകിയ ക്വട്ടേഷനിൽ വയോധികനായ ശിവൻകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. പോലീസിന് കസ്റ്റഡി അനുവദിച്ച ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിനെതിരെ പ്രതികളായ കുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. തെളിവെടുപ്പ് വേളയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും കോടതി പൊലീസിനോട് നിർദ്ദേശിച്ചു.
പോലീസ് കസ്റ്റഡി കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ അന്വേഷണ ആവശ്യത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമാണ്. കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 13-കാരിയായ കൊച്ചുമകൾ ഉൾപ്പെടെ നാല് പേരാണ് കേസിൽ പ്രതികളായുള്ളത്. 16-നും 18-നും ഇടയിൽ പ്രായമുള്ളവർ കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അവരെ മുതിർന്ന കുറ്റവാളികളായി പരിഗണിച്ച് വിചാരണ ചെയ്യാനുള്ള നിയമ വ്യവസ്ഥ നിലവിലുണ്ട്. നിലവിൽ പെൺകുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ കോഴിക്കോട്ടെ കേന്ദ്രത്തിലും ആൺകുട്ടികളെ ചേർത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലുമാണ് പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 15-നായിരുന്നു ശിവൻകുട്ടിയെ പ്രതികൾ വധിച്ചത്.
For more details: The Indian Messenger



