കായംകുളം ജവഹർ ജലോത്സവത്തിന് വർണാഭമായ ഒരുക്കങ്ങൾ; നാടൻപാട്ടും സംഗീതവിരുന്നും ചിത്രരചനാ മത്സരങ്ങളും നവംബർ 11 മുതൽ.

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (CBL) ആറാം സീസണിലെ പത്താമത്തെ മത്സരമായ കായംകുളം ജവഹർ ജലോത്സവം നവംബർ 14-ന് കായംകുളം കായലിൽ നടക്കും. ജലോത്സവത്തിന് മുന്നോടിയായി കായംകുളം നഗരത്തെ ആവേശത്തിലാഴ്ത്തുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
ജലോത്സവത്തിന്റെ ഭാഗമായി നവംബർ 12-ന് രാത്രി ഏഴിന് എൽമെക് ഗ്രൗണ്ടിൽ പ്രശസ്ത റോക്ക്-ഫ്യൂഷൻ സംഗീത ബാൻഡായ ‘താമരശ്ശേരി ചുരം’ സംഗീതവിരുന്ന് അവതരിപ്പിക്കും. കൂടാതെ, നവംബർ 13-ന് കായംകുളം ബോട്ട് ജെട്ടി ഓഡിറ്റോറിയത്തിൽ നാടൻപാട്ട് കലാകാരിയായ താത്തുട്ടി നയിക്കുന്ന ‘ഉണർത്ത്’ ഫോക്ക് ബാൻഡിന്റെ നാടൻപാട്ട് പരിപാടിയും അരങ്ങേറും.
സ്കൂൾ വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചിത്രരചന, കാർട്ടൂൺ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. നവംബർ 11-ന് രാവിലെ കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ നടക്കുക. എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കായംകുളം മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
അതേസമയം, ജലോത്സവത്തിനായുള്ള വള്ളംകളി ട്രാക്ക് ഒരുക്കുന്ന പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കായലിൽ ഡ്രഡ്ജിങ് നടന്നു വരികയാണ്. രണ്ട് യന്ത്രങ്ങൾ ഉപയോഗിച്ച് കായലിന്റെ രണ്ട് ഭാഗങ്ങളിലായി അടിത്തട്ടിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. വള്ളംകളി സുഗമമായി നടത്തുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ കൂടി പൂർത്തിയാകുന്നതോടെ കായംകുളം ജവഹർ ജലോത്സവം വലിയൊരു ആഘോഷമായി മാറും.
For more details: The Indian Messenger



