INDIA NEWSTOP NEWS

ചവറ കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; ഭജനമിരിക്കാൻ എത്തിയത് ആയിരത്തോളം കുടിലുകൾ.

ചവറ പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ആദ്യ 12 ദിനരാത്രങ്ങളിൽ ഭജനം പാർക്കാനെത്തുന്ന ഭക്തർക്കായി ആയിരത്തോളം കുടിലുകൾ ഒരുക്കി. ഭജനക്കുടിലുകൾ ബുക്ക് ചെയ്ത ഭക്തർ തുലാം 30-ന് ഉച്ചയോടെ എത്തിത്തുടങ്ങും. ക്രമനമ്പർ ലഭിക്കുന്നതോടെ കുടിലുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഭക്തർ ചെയ്തുതുടങ്ങും.

വൃശ്ചികം ഒന്നിന് രാവിലെ 8.30-നും 9.00-നും മധ്യേ ക്ഷേത്രം തന്ത്രി തുറവൂർ പി. ഉണ്ണിക്കൃഷ്ണൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് നടക്കുന്ന സമ്മേളനം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. കലശാഭിഷേകത്തിന് ശേഷം തന്ത്രി ഭജനക്കുടിലുകളിൽ തീർത്ഥം തളിക്കും. അതോടെ കുടിലുകളിൽ ഭക്തർ അടുപ്പ് കൂട്ടി വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കും.

ഭജനക്കുടിലുകളിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന് പുറമേ ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും. വൈകുന്നേരങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ കാർഷിക വിഭവങ്ങൾ പുഴുങ്ങിയതും ചമ്മന്തിയും കട്ടൻകാപ്പിയും ഭക്തർക്ക് വഴിപാടായി നൽകും. ഇത് കുടിലുകളിലെത്തുന്നവർക്കും വിതരണം ചെയ്യും.

പന്ത്രണ്ടിന് രാവിലെ വൃശ്ചിക പൊങ്കൽ നടക്കും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. രാത്രി 10.30-ന് തിരുമുടി എഴുന്നള്ളത്ത് ആരംഭിക്കും. തുടർന്ന് മാലയിൽ ക്ഷേത്രദർശനത്തിന് ശേഷം കടൽത്തീരത്തെ ആറാട്ടുകടവിൽ കുരുത്തോലപ്പന്തലിൽ തിരുമുടി ആറാട്ട് നടക്കും. ഭക്തജനങ്ങൾക്കായി പ്രാഥമിക സൗകര്യങ്ങൾ, ശുദ്ധജലം, വൈദ്യുതി എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും ആരോഗ്യവിഭാഗത്തിന്റെയും സേവനവും ലഭ്യമാണ്. വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

For more details: The Indian Messenger

Related Articles

Back to top button