GULF & FOREIGN NEWS

യൂത്ത് ത്രില്ലർ ചിത്രം ‘ക്രിംസൺ പിയർ’; കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു.

കോഴിക്കോട്: പുതിയ തലമുറയിൽപ്പെട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ പ്രമേയമാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘ക്രിംസൺ പിയർ’ (Crimson Pear) ചിത്രീകരണം ആരംഭിച്ചു. നവാഗതനായ പ്രശാന്ത് പത്മനാഭൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോഴിക്കോട് മുക്കത്ത് വെച്ച് നടന്നു. ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സിദ്ധിഖ് ആദ്യ ഭദ്രദീപം കൊളുത്തി സ്വിച്ച് ഓൺ നിർവ്വഹിച്ചു.

ബ്ലൂ ഹെയ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഹ്യൂമർ റൊമാൻസ് ത്രില്ലർ വിഭാഗത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏറെക്കാലമായി ഷോർട്ട് ഫിലിം, പരസ്യചിത്ര രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ച ശേഷമാണ് പ്രശാന്ത് പത്മനാഭൻ സ്വതന്ത്ര ഫീച്ചർ ഫിലിം സംവിധാനത്തിലേക്ക് കടന്നുവരുന്നത്.

കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന നാല് യുവാക്കളുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഉപജീവനത്തിനായി സ്വന്തമായി സ്വയംതൊഴിൽ കണ്ടെത്തുകയും ഒരു ബിസിനസ്സ് ആരംഭിക്കുകയും ചെയ്യുന്നതോടെ ഇവർ അഭിമുഖീകരിക്കേണ്ടി വരുന്ന കടുത്ത പ്രതിസന്ധികളും, അതിനിടയിൽ ഇവരെ തേടിയെത്തുന്ന അപ്രതീക്ഷിതമായ കെണികളുമാണ് സംഭവബഹുലമായി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സിദ്ധിഖ്, ബാബുരാജ്, ഷഹീൻ സിദ്ധിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, വിജിലേഷ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അമൃതവർഷിണി, നന്ദിനി എസ്. ചെറിയാൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ സന്തോഷ് വർമ്മ, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ബിജിപാലാണ് സംഗീതം പകരുന്നത്. പ്രമോദ് കെ. പിള്ള ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം: ശ്രീകുമാർ ആലപ്പുഴ, മേക്കപ്പ്: മനോജ് അങ്കമാലി, കോസ്റ്റ്യൂം ഡിസൈൻ: കുക്കു ജീവൻ, ആക്ഷൻ: ബില്ല ജഗൻ, അസ്സോസിയേറ്റ് ഡയറക്ടർമാർ: അരുൺലാൽ, എ. എൽ. അജിത് കുമാർ, ഫിനാൻസ് കൺട്രോളർ: പ്രശാന്ത് ചന്ദ്രപ്പ, സ്റ്റിൽസ്: അജീഷ് ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജബ്ബാർ മതിലകം, പ്രൊഡക്ഷൻ ഡിസൈൻ: ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് മുണ്ടേല, പ്രൊഡക്ഷൻ കൺട്രോളർ: ജോസ് വരാപ്പുഴ, പി.ആർ.ഒ: വാഴൂർ ജോസ്.

For more details: The Indian Messenger

Related Articles

Back to top button