ഫെയ്സ് ക്രീം ഉപയോഗിച്ച് ഗുരുതര വൃക്കരോഗം ബാധിച്ചതായി വെളിപ്പെടുത്തി ഗായകൻ സലീം കോടത്തൂർ.

കോഴിക്കോട്: വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഫെയ്സ് ക്രീമുകൾ ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ വൃക്കരോഗവും ആരോഗ്യപ്രശ്നങ്ങളും ബാധിച്ചതായി പ്രമുഖ ഗായകൻ സലീം കോടത്തൂർ വെളിപ്പെടുത്തി. കാസർകോട്ടുള്ള ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ഈ ഫെയ്സ് ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചർമ്മത്തിന് നിറം വർധിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ കണ്ടിരുന്നു.
എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ പ്രതിരോധശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയുമായിരുന്നു. തുടർച്ചയായ യൂറിനറി ഇൻഫെക്ഷനും കാലുകളിലും കണ്ണുകളിലും ശക്തമായ നീര് വരികയും ചെയ്തു. മാസങ്ങളോളം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പിന്നീട് കാസർകോട്ടുള്ള ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ഡോക്ടറോട് സലീം കോടത്തൂർ ഫെയ്സ് ക്രീം ഉപയോഗിക്കുന്ന കാര്യം സംസാരിച്ചപ്പോഴാണ് ഈ ക്രീമുകളിൽ ഉയർന്ന അളവിൽ മെർക്കുറി (പാദരസം) അടങ്ങിയിട്ടുണ്ടെന്ന വിവരവും അത് വൃക്കകളെ ദോഷകരമായി ബാധിക്കുമെന്ന കാര്യവും തിരിച്ചറിയുന്നത്. തുടർന്ന് സ്വന്തം ഡോക്ടറോട് ഇക്കാര്യം പറയുകയും വിദഗ്ധ പരിശോധനയിലൂടെ രോഗകാരണം കണ്ടെത്തുകയുമായിരുന്നു. രോഗനിർണ്ണയത്തിനായി ശരീരത്തിൽ നടത്താത്ത പരിശോധനകൾ ഒന്നുമില്ലായിരുന്നുവെന്നും മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിലാണ് രോഗകാരണം സ്ഥിരീകരിക്കാനായതെന്നും സലീം കോടത്തൂർ വ്യക്തമാക്കി.
For more details: The Indian Messenger



