മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടികളിലേക്ക് കടന്നേക്കില്ല; റിപ്പോർട്ട് ഉടൻ മന്ത്രിക്ക് നൽകും.

തിരുവനന്തപുരം: സംഘപരിവാർ അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് (NTU) സംസ്ഥാനത്തെ സ്കൂളുകളിൽ മയിൽപ്പീലി മാസികയുമായി ചേർന്ന് സംഘടിപ്പിച്ച ‘യങ് സ്കോളർ എക്സാം’ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടികളിലേക്ക് കടന്നേക്കില്ല. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ തയാറാക്കിയ വിശദമായ റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കാൻ സാധ്യതയുണ്ട്. മുൻകൂർ അനുമതി റദ്ദാക്കുകയും പരീക്ഷകൾ നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തതോടെ വിവാദം അവസാനിച്ചുവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
നിലവിലെ സർക്കാരിനെ മുൻനിർത്തി സംഘപരിവാറാണ് ഭരണം നടത്തുന്നതെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷം വിഷയത്തിൽ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് വിവാദം എത്രയും വേഗം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. സ്കൂളുകളിൽ നടന്ന പരീക്ഷകളും അനുമതികളും റദ്ദാക്കാൻ വകുപ്പ് നിർദ്ദേശം നൽകിയതോടെ ഭരണപരമായ വിഷയം പരിഹരിക്കപ്പെട്ടതായി വിലയിരുത്തപ്പെടുന്നു.
വിവിധ രാഷ്ട്രീയ അനുഭാവമുള്ള അധ്യാപക സംഘടനകൾ ഇത്തരം മത്സരങ്ങളും സ്കോളർഷിപ്പുകളും വർഷങ്ങളായി സ്കൂൾ തലത്തിൽ സംഘടിപ്പിക്കാറുണ്ടെന്നും അതിനൊക്കെ സാങ്കേതിക അനുമതി നൽകുന്ന പതിവുണ്ടെന്നുമാണ് വകുപ്പുമട്ടത്തിൽ നൽകുന്ന വിശദീകരണം. ഇതിന്റെ തുടർച്ചയായാണ് ഈ അപേക്ഷയിലും പ്രാഥമിക അനുമതി നൽകിയതെന്നും അതിനാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടാകാനിടയില്ലെന്നും സൂചനയുണ്ട്.
ആർ.എസ്.എസ് അനുകൂല ബാലഗോകുലത്തിന്റെ പ്രസാധന വിഭാഗമായ മയിൽപ്പീലി മാസികയുമായി ചേർന്നാണ് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാനത്തെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ അറിവോ അനുമതിയോ കൂടാതെ ഭരണതലത്തിൽ നടന്ന ഈ ഉത്തരവ് വിവാദമായതോടെ മന്ത്രി നേരിട്ട് ഇടപെട്ട് സർക്കുലർ പിൻവലിക്കുകയായിരുന്നു.
For more details: The Indian Messenger



