കാസർഗോഡ് ആദൂറിൽ യുവാവ് വെടിയേറ്റു മരിച്ച നിലയിൽ; കവിളിൽ വെടിയേറ്റ പാട്, പോലീസ് അന്വേഷണം ആരംഭിച്ചു.

കാസർഗോഡ്: കാസർഗോഡ് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മുള്ളേരിയ മഞ്ചക്കാൽ സ്വദേശിയായ കാട്ടിപ്പള്ളം മൊയ്തുവിന്റെ മകൻ ഹൈദരലി (27) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെ കാട്ടിപ്പള്ളം ബാറിന് സമീപമുള്ള ഗ്രൗണ്ടിലാണ് സ്കൂട്ടറിൽ നിന്ന് വീണു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആദ്യം ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദരലി മരിച്ചതെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ കവിളിന് സമീപം വെടിയേറ്റ പാടും മൃതദേഹത്തിന് തൊട്ടടുത്തായി തോക്കും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ ഹൈദരലിയുടെ സുഹൃത്ത് കാട്ടിപ്പള്ളം സ്വദേശി കെ. മുഹമ്മദ് റമീസിന്റെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വന്തം കൈവശമുണ്ടായിരുന്ന നാടൻ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതാണോ അതോ മറ്റെന്തെങ്കിലും അപായസാധ്യതയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
For more details: The Indian Messenger



