INDIA NEWSTOP NEWS

മെറ്റാ ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം; പൂച്ചട്ടികൾ തകർത്തു, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ വിലക്കിയതിനെതിരെ വൻ പ്രതിഷേധം.

ഹൈദരാബാദ്: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഭാരവാഹികളായ രണ്ട് മുതിർന്ന നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മെറ്റാ (ഫെയ്‌സ്ബുക്ക്/ഇൻസ്റ്റാഗ്രാം) വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹൈദരാബാദിലെ മെറ്റാ ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തി. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ പ്രവർത്തകർ പൂച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും ഓഫീസ് പരിസരം തകർക്കുകയും ചെയ്തു.

തെലങ്കാന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജക്കിഡി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്ന് ആരോപിച്ച് മെറ്റാക്കും കേന്ദ്രത്തിനുമെതിരെ മുദ്രാവാക്യം വിളിച്ചു. വിലക്കേർപ്പെടുത്തിയ പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രതിഷേധക്കാർ ഓഫീസിലെ ഇടനാഴികളിലൂടെയും കഫറ്റീരിയ ഭാഗങ്ങളിലൂടെയും ഓടുകയും പൂച്ചട്ടികൾ അടിച്ച് തകർക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിലക്കേർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും പുനഃസ്ഥാപിക്കാൻ മെറ്റാ തയാറാകണമെന്ന് ആവശ്യപ്പെട്ട ഇന്ത്യൻ യൂത്ത് കോൺഗ്രസ്, കമ്പനിക്ക് ഏഴ് ദിവസത്തെ അൾട്ടിമേറ്റം നൽകിക്കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ൽ കുറിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോടതികളിലും തെരുവുകളിലും ഓഫീസുകൾക്ക് മുന്നിലും സമരം ശക്തമാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ദേശീയ ഇൻ-ചാർജ് മനീഷ് ശർമ്മ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കാണ് മെറ്റാ വിലക്കേർപ്പെടുത്തിയത്.

അതിനിടെ, യൂത്ത് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് മുംബൈ ബി.കെ.സിയിലെ (BKC) മെറ്റാ ഓഫീസിന് മുന്നിലും മുംബൈ യൂത്ത് കോൺഗ്രസ് വൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബി.ജെ.പിയെയും ആർ.എസ്.എസിനെയും വിമർശിക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്താനാണ് ഈ നീക്കമെന്ന് ഇവർ ആരോപിച്ചു.

മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സീനത്ത് ഷബ്രിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ, കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ചിത്രം പ്രവർത്തകർ കത്തിച്ചു. മെറ്റാ ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിയത് പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

സംഭവത്തിൽ മെറ്റാ പ്ലാറ്റ്‌ഫോമിനെ ശക്തമായി വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. “വിദേശ കമ്പനികൾ നമ്മുടെ രാജ്യത്ത് ബിസിനസ്സ് ആണ് ചെയ്യേണ്ടത്, അല്ലാതെ രാഷ്ട്രീയമല്ല. എല്ലാവരെയും സമത്വത്തോടെ കാണുന്നതാണ് ഒരു മികച്ച കമ്പനിയുടെ ലക്ഷണം. വിദേശ കമ്പനികളുടെ ബിസിനസ്സിൽ അനാവശ്യ സമ്മർദ്ദം ചെലുത്തി കേന്ദ്ര സർക്കാരും രാഷ്ട്രീയം കളിക്കരുത്,” എന്ന് അദ്ദേഹം ‘എക്‌സി’ൽ കുറിച്ചു.

For more details: The Indian Messenger

Related Articles

Back to top button