INDIA NEWSTOP NEWS

ഓച്ചിറയിൽ മൂന്ന് ലക്ഷം രൂപ ഗുണ്ടാപ്പിരിവ് ചോദിച്ച് യുവാവിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണി; മൂന്ന് കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിൽ.

ഓച്ചിറ: ഓച്ചിറ പടനിലത്ത് വ്യാപാരിയോട് മൂന്ന് ലക്ഷം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെടുകയും പണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരനായ യുവാവിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ക്രൂരമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് കുപ്രസിദ്ധ ഗുണ്ടകളെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ കേസുകളിൽ ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ സംഘമാണ് ഗുണ്ടാപ്പിരിവിനായി അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ ഗുണ്ടാപ്പിരിവിന് ക്വട്ടേഷൻ നൽകിയ പ്രധാനികളെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൃഷ്ണപുരം തെക്ക് കൊച്ചുമുറി വലിയത്ത് വീട്ടിൽ ‘മത്തി ആഷിഖ്’ എന്ന് വിളിക്കുന്ന ആഷിഖ് (26), പുതിയകാവ് പുന്നക്കുളം ബിൻഷാദ് മൻസിലിൽ ബിൻഷാദ് (26), കൃഷ്ണപുരം മണയ്ക്കാട്ട് ചിറയിൽ അൻഷാദ് (31) എന്നിവരെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ഗുണ്ടാപ്പിരിവ് നടത്താൻ ക്വട്ടേഷൻ നൽകിയ സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും അധികൃതർ അറിയിച്ചു.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൃശ്ചികോത്സവത്തോടനുബന്ധിച്ച് അമ്യൂസ്‌മെന്റ് കാർണിവൽ നടത്തുന്ന പാലക്കാട് ചിറ്റൂർ സ്വദേശിയായ കരാറുകാരനോടാണ് സംഘം മൂന്ന് ലക്ഷം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കാർണിവൽ ജീവനക്കാരനായ ചിറ്റൂർ സ്വദേശി സാഗർ ബാദിഷ ഇബ്രാഹിമിനെ ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ കാർണിവൽ നഗറിലെത്തി അതിക്രമിച്ചു കയറി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

ഓച്ചിറയിൽ വൃശ്ചികോത്സവത്തോടനുബന്ധിച്ച് കച്ചവടത്തിനെത്തുന്ന വ്യാപാരികളെ ഭീഷണിപ്പെടുത്തി വ്യാപകമായി ഗുണ്ടാപ്പിരിവ് നടത്തുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇവരെ അമർച്ച ചെയ്യുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ / ഇൻസ്‌പെക്ടർ ജി. ഗോപകുമാർ വ്യക്തമാക്കി. ഓച്ചിറ എസ്.എച്ച്.ഒ ബി. അഭിജിത്ത്, എസ്.ഐ ജയരാജ് പണിക്കർ, ഗ്രേഡ് എസ്.ഐ അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വൈശാഖ്, അഫ്സൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതികളെ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

For more details: The Indian Messenger

Related Articles

Back to top button