ബഹ്റൈനുനേരെ ഇറാന്റെ വ്യോമാക്രമണം: ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബഹ്റൈൻ; തിരിച്ചടി തുടരുമെന്ന് ഇറാൻ.

മനാമ: ബഹ്റൈനുനേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ അതിശക്തമായി അപലപിച്ച് ബഹ്റൈൻ ഭരണകൂടം. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുമാണ് ഈ ആക്രമണങ്ങളെന്ന് വിശേഷിപ്പിച്ച ബഹ്റൈൻ, വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ (UN) അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
അതേസമയം ബഹ്റൈനുനേരെ നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ്, തങ്ങൾക്ക് നേർക്കുണ്ടാകുന്ന ആക്രമണങ്ങൾക്ക് തുടർച്ചയായി തിരിച്ചടി നൽകുന്നത് തുടരുമെന്ന് ഞായറാഴ്ച വ്യക്തമാക്കി.
ബഹ്റൈ ലക്ഷ്യങ്ങളിലേക്ക് ഇറാൻ തൊടുത്ത നിരവധി വ്യോമാക്രമണങ്ങളെയും മിസൈലുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിക്കുകയും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ തകർക്കുകയും ചെയ്തതായി ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു.
ഗൾഫ് സഹകരണ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ആവശ്യപ്പെട്ട നഷ്ടപരിഹാരം അടിസ്ഥാനരഹിതമാണെന്ന് തള്ളിക്കളഞ്ഞ ഇറാൻ വിദേശകാര്യ മന്ത്രാലയം, മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളുമായി ഇറാൻ മുന്നോട്ട് പോകുമെന്നും അറിയിച്ചു.
ഇറാൻ ഇനി ഒരു ഘട്ടത്തിലും “യുദ്ധവുമില്ല സമാധാനവുമില്ല” എന്ന അനിശ്ചിതാവസ്ഥയിൽ തുടരില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഞായറാഴ്ച വ്യക്തമാക്കി.
അതിനിടെ, ശനിയാഴ്ച രാവിലെ കിഴക്കൻ ഹോർമുസ് കടലിടുക്കിൽ വെച്ച് നാവിക മൈനിൽ (Naval Mine) തട്ടിയതിനെ തുടർന്ന് ഒരു എണ്ണക്കപ്പലിന് (Oil Tanker) തീപിടിച്ചതായി ഇറാൻ നാവികസേന സ്ഥിരീകരിച്ചു.
For more details: The Indian Messenger



