മെൻസ്ട്രൽ കപ്പിൽ എം.ഡി.എം.എ നിറച്ച് പശവെച്ച് ഒട്ടിക്കും, സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; എക്സൈസിനെ വട്ടംകറക്കിയ സരിത പിടിയിൽ.

കൊച്ചി: എറണാകുളത്തെ ഹോട്ടലിൽ നിന്ന് പിടിയിലായ സരിതയും മുഹമ്മദ് ഷാഫിയും എം.ഡി.എം.എ കടത്തിയിരുന്നത് വേറിട്ട രീതിയിൽ. കഴിഞ്ഞ ദിവസമാണ് രാസലഹരി വിൽപ്പന നടത്തുന്ന ഇവരെ എക്സൈസ് പിടികൂടിയത്. സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ എം.ഡി.എം.എ നിറച്ചാണ് സരിത ലഹരി കടത്തിയിരുന്നത്. ആലപ്പുഴ തൃക്കുന്നപ്പുഴ കൊട്ടേമുറി സ്വദേശി മുഹമ്മദ് ഷാഫി, ആലപ്പുഴ സ്വദേശിനി സരിത എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങുകയും എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപ്പന നടത്തുകയുമാണ് ഇവരുടെ പതിവ്.
സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിലാണ് സരിത എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. കപ്പിൽ എം.ഡി.എം.എ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം ഇത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു സരിതയുടെ രീതി. ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായി ഇരുവരും ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ വച്ച് പരിശോധന നടന്നിരുന്നു. ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും സരിത മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ചിരുന്നതിനാൽ എക്സൈസ് പരിശോധനയിൽ ലഹരി കണ്ടെത്താനായില്ല. പിന്നീട് ഈ രാസലഹരിയുമായി ഇരുവരും വിൽപ്പനയ്ക്കായി എറണാകുളത്ത് എത്തുകയായിരുന്നു.
ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവർ എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്നത്. മുൻപ് ഹോം നഴ്സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷാഫി. ഇവരിൽ നിന്ന് എം.ഡി.എം.എ വാങ്ങിയ ആളുകളെക്കുറിച്ചും എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എം.ഡി.എം.എയാണ് എക്സൈസ് പിടിച്ചെടുത്തത്. എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽ നിന്ന് 65.27 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് ഷാഫിയെ ആണ് എക്സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ മുറിയിൽ എക്സൈസ് പരിശോധന നടക്കുമ്പോൾ സരിത ആലപ്പുഴയിൽ എം.ഡി.എം.എ വിൽക്കാൻ പോയിരിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം സരിത തിരിച്ചെത്താൻ കാത്തിരുന്നു. എറണാകുളത്ത് തിരിച്ചെത്തിയ സരിതയെ രാത്രി 10.30-ഓടെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയ എം.ഡി.എം.എ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടർന്ന് എക്സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുക്കുകയായിരുന്നു. ഇവരിൽ നിന്നും മൊത്തം 94.032 ഗ്രാം എം.ഡി.എം.എയും ഒരു മൊബൈൽ ഫോണും ലഹരി വിൽപ്പനയിൽ നിന്ന് ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തു. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Short Brief
Excise officials in Kochi arrested a man and a woman for smuggling 94.032 grams of MDMA worth lakhs, revealing that the woman concealed the synthetic drug inside a glued menstrual cup to evade detection during bus checks.
For more details: The Indian Messenger



