
വാഗമൺ: അടുത്തകാലത്തായി മിക്ക സിനിമാ സെറ്റുകളും ഓണക്കാലത്ത് ചിത്രീകരണം നിർത്തിവെച്ച് ബ്രേക്ക് എടുക്കാറുണ്ടെങ്കിലും, കുട്ടിക്കാനത്തും വാഗമണ്ണിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ജയസൂര്യ ചിത്രം ‘മായൻ’ സെറ്റിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓഗസ്റ്റ് 28-ന് വാഗമണ്ണിലെ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ നൂറ്റമ്പതോളം അണിയറ പ്രവർത്തകരും അഭിനേതാക്കളും പങ്കെടുത്തു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിച്ച്, ‘കളങ്കാവൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മായൻ’. ചടങ്ങിൽ സംസാരിച്ച ഡീൻ കുര്യാക്കോസ് എം.പി, ഒരു സിനിമാ കൂട്ടായ്മയോടൊപ്പം ഓണം ആഘോഷിക്കുന്നത് ആദ്യ അനുഭവമാണെന്നും, ചിത്രീകരണത്തിന് ജനപ്രതിനിധി എന്ന നിലയിൽ എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായും ആശംസിച്ചു. നഷ്ടപ്പെട്ടുപോകുന്ന പാരമ്പര്യങ്ങളെ ഇത്തരം ഒത്തൊരുമയിലൂടെ തിരികെപ്പിടിക്കാൻ കഴിയട്ടെയെന്ന് ജയസൂര്യ ഓർമ്മിപ്പിച്ചു.
താൻ നിർമ്മിക്കുന്ന ‘കാലന്റെ തങ്കക്കുടം’ എന്ന ചിത്രത്തിന്റെ പൂർത്തീകരണത്തിന് ശേഷം നേരെ മായന്റെ സെറ്റിലെത്തിയതാണെന്നും, ഇത്തരം ചടങ്ങുകൾ മാനവികതയുടെ പ്രാധാന്യം കൂട്ടുന്നുവെന്നും വിജയ് ബാബു പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി നാട്ടിൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നും ഈ ഒത്തുകൂടൽ ഏറെ സന്തോഷം നൽകുന്നുവെന്നും നൈല ഉഷ വ്യക്തമാക്കി. അഭിനേതാക്കളായ അർഷ ബൈജു, ജിബിൻ ഗോപിനാഥ്, വൈഷ്ണവി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സംവിധായകൻ ജിതിൻ കെ. ജോസ് സ്വാഗതവും നിർമ്മാതാവ് രാജീവ് ഗോവിന്ദൻ നന്ദിയും പറഞ്ഞു.
For more details: The Indian Messenger



