ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 12 വിളക്ക് വൃശ്ചികോത്സവത്തിന് നാളെ തുടക്കം; മൂന്ന് വേദികളിലായി കലാപരിപാടികൾ, കെ.എസ്. ചിത്രയ്ക്ക് പരബ്രഹ്മ കീർത്തി പുരസ്കാരം.

ഓച്ചിറ: പ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 12 വിളക്ക് വൃശ്ചികോത്സവത്തിന് നാളെ ഭക്തിനിർഭരമായ തുടക്കമാകും. 12 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വൻ സുരക്ഷാ-അടിസ്ഥാന സൗകര്യ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു. വൃശ്ചികോത്സവ ചരിത്രത്തിൽ ആദ്യമായി മൂന്ന് സാംസ്കാരിക വേദികളിലായാണ് ഇത്തവണ കലാപരിപാടികൾ അരങ്ങേറുന്നത്. സന്നിധി (കിഴക്കും പടിഞ്ഞാറും ക്ഷേത്ര നടകൾ), പരബ്രഹ്മ ഓഡിറ്റോറിയം, പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റൽ വേദിയായ ‘നാദബ്രഹ്മം’ എന്നിവയാണ് ആ മൂന്ന് വേദികൾ.
നവംബർ 17 ചൊവ്വാഴ്ച പകൽ 11 മണിക്ക് കെ. സി. വേണുഗോപാൽ എം.പി വൃശ്ചികോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ വെച്ച് പ്രശസ്ത ഗായിക കെ. എസ്. ചിത്രയ്ക്ക് പ്രഥമ ‘പരബ്രഹ്മ കീർത്തി പുരസ്കാരം’ സമ്മാനിക്കും. ഒരു ലക്ഷം രൂപയും കീർത്തിപത്രവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സി. ആർ. മഹേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാജീവ് കടകംപള്ളിൽ ചടങ്ങിൽ തീർത്ഥാടന സന്ദേശം നൽകും. നവംബർ 28-ന് പകൽ 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
നവംബർ 29-ന് രാത്രി 8 മണിക്ക് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാടകവും നവംബർ 30-ന് രാത്രി 9 മണിക്ക് തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിന്റെ നാടകവും അരങ്ങേറും. വൃശ്ചികോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന തീർത്ഥാടകർക്ക് ഭജനം പാർക്കാനും താമസിക്കാനുമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇക്കുറി ചരിത്രപ്രസിദ്ധമായ ഓച്ചിറ പടനിലത്ത് 700 കുടിലുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായ വലിയ കുടിലുകളാണ് ഭരണസമിതി ഒരുക്കിയിരിക്കുന്നത്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുതിയ ലോഗോ സി. ആർ. മഹേഷ് എം.എൽ.എ പ്രകാശനം ചെയ്തു. ചിത്രകലാ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സി. രാജേന്ദ്രനാണ് ഈ ലോഗോ തയ്യാറാക്കിയത്.
For more details: The Indian Messenger



