INDIA NEWSTOP NEWS

പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെ വൃശ്ചികോത്സവം: കൊടിയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഭക്തിനിർഭരമായി നടന്നു.

ചവറ: പ്രസിദ്ധമായ പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് മുന്നോടിയായുള്ള പ്രധാന ചടങ്ങായ കൊടിയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്രം തന്ത്രി തുറവൂർ പി. ഉണ്ണിക്കൃഷ്ണന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷമാണ് കൊടിയും കൊടിക്കയറും ഭക്തർക്ക് കൈമാറിയത്.

വാദ്യമേളങ്ങളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ ചമ്പക്കുളം മുളക്കിയിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് പടിപ്പുരയ്ക്കൽ കാർത്യായനി ദേവീക്ഷേത്രം, എസ്.എൻ.ഡി.പി. ശാഖാ നമ്പർ 2007 അമിച്ചക്കരി, ശാഖാ നമ്പർ 2340 നടുഭാഗം, ശാഖാ നമ്പർ 3466 വൈശ്യം ഭാഗം, ശാഖാ നമ്പർ 16 കഞ്ഞിപ്പാടം എന്നിവിടങ്ങളിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

അവിടെനിന്ന് എസ്.എൻ. കവല, അമ്പലപ്പുഴ, തോട്ടപ്പള്ളി തീരദേശപാത വഴി സഞ്ചരിച്ച് തൃക്കുന്നപ്പുഴ, പതിയാംകര, ആറാട്ടുപുഴ, മംഗലം, വലിയഴീക്കൽ, അഴീക്കൽ, സ്രായിക്കാട്, ആലപ്പാട്, ചെറിയഴീക്കൽ, പണ്ടാരത്തുരുത്ത്, വെള്ളനാതുരുത്ത് ദേവീക്ഷേത്രം, കളങ്ങര മഹാദേവക്ഷേത്രം, കന്നിട്ടക്കടവ് വഴി ഘോഷയാത്ര കൊട്ടാരത്തിൻകടവിൽ എത്തിച്ചേർന്നു.

തുടർന്ന് കൊട്ടാരത്തിൻകടവിൽ നിന്ന് പ്രത്യേക വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിയും കൊടിക്കയറും പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ എത്തിച്ചു. വഴിനീളത്തിലും ഘോഷയാത്രയെ അനുഗമിച്ചും നൂറുകണക്കിന് ഭക്തജനങ്ങളാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ക്ഷേത്രം പ്രസിഡന്റ് പി. അനിൽ ജോയ്, സെക്രട്ടറി പി. സജി, ഖജാൻജി ആർ. സത്യനേശൻ തുടങ്ങിയ ഭരണസമിതി ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

For more details: The Indian Messenger

Related Articles

Back to top button