FILMS & ENTERTAINMENTINDIA NEWSTOP NEWS

ഉലകനായകൻ @ 72: അഭിനയ വിസ്മയം കമൽഹാസന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ.

ചെന്നൈ: ഇന്ത്യൻ സിനിമയിലെ സർവ്വകലാവല്ലഭൻ ‘ഉലകനായകൻ’ കമൽഹാസന് ഇന്ന് 72-ാം പിറന്നാൾ. ആറാം വയസ്സിൽ ബാലതാരമായി അഭിനയരംഗത്തെത്തി ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയുടെ വിവിധ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു താരം വേറെയില്ല. സിനിമയുടെ സമസ്ത മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ പ്രതിഭയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിലുപരിയായി തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായും ഗായകനായും നിർമ്മാതാവായും കമൽഹാസൻ തിളങ്ങി.

ആറാം വയസ്സിൽ ‘കളത്തൂർ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ കരസ്ഥമാക്കി അദ്ദേഹം ഭാവിയിലെ മഹാനടന്റെ വരവറിയിച്ചു. അസാധാരണമായ നടനവൈഭവം, മികച്ച നർത്തകൻ, ആക്ഷൻ രംഗങ്ങളിലെ കൃത്യത തുടങ്ങി കമൽഹാസനെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിർത്തുന്ന ഘടകങ്ങൾ ഏറെയാണ്.

അഭിനയസാഗരത്തിൽ പൂർണ്ണമായി അലിഞ്ഞുചേർന്ന അപൂർവ്വ പ്രതിഭയാണ് കമൽഹാസൻ. ഗുണ, അവ്വൈ ഷണ്മുഖി, ഇന്ത്യൻ, ദശാവതാരം, വിശ്വരൂപം തുടങ്ങി എത്രയെത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. നായകൻ, മൂന്നാം പിറൈ, തേവർ മകൻ, അൻപേ ശിവം, വിക്രം, ഇന്ത്യൻ, പാപനാശം, കൽക്കി, മൈക്കിൾ മദന കാമരാജൻ, പുഷ്പക വിമാന, ദശാവതാരം, വറുമയിൻ നിറം സിവപ്പ്, സാഗര സംഗമം, മദനോത്സവം തുടങ്ങിയ ചിത്രങ്ങൾ കമൽഹാസൻ എന്ന സിനിമാ വിസ്മയത്തിന്റെ ആഴവും പരപ്പും എടുത്തുകാണിക്കുന്നവയാണ്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തോടെ ഉലകനായകനായി അദ്ദേഹം ഇനിയും നിരവധി പതിറ്റാണ്ടുകൾ തുടരണമെന്നാണ് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാർത്ഥന.

For more details: The Indian Messenger

Related Articles

Back to top button