‘കോമഡിയും മിമിക്രിയും കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല’; സൈക്കിളിൽ മീൻ വിൽക്കുന്ന ചിത്രം പങ്കുവെച്ച് ഷാജി മാവേലിക്കര, ചർച്ചയായി പോസ്റ്റ്.

മിമിക്രി വേദികളിലൂടെ മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് ഷാജി മാവേലിക്കര. ടെലിവിഷനിലും സിനിമയിലുമെല്ലാം ചിരി പടർത്തിയ നടൻ. ഷാജി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചൊരു ചിത്രം ചർച്ചയായി മാറിയിരിക്കുകയാണ്. സൈക്കിളിൽ മീൻ വിൽക്കാൻ നിൽക്കുന്ന ചിത്രമാണ് ഷാജി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഷാജി കുറിച്ച വാക്കുകളാണ് ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. ”കോമഡിയും മിമിക്രിയും ഒന്നും കൊണ്ടുനടന്നിട്ട് ഒരു കാര്യവുമില്ല. ഒരു മനുഷ്യനും മൈൻഡ് ചെയ്യത്തില്ല. തൊഴിൽപരമായി ചിന്തിച്ചു പ്രവർത്തിച്ചാലേ ജീവിക്കാൻ പറ്റൂ എന്നു വൈകിയാണെങ്കിലും മനസ്സിലായി. ദൈവമേ… ഇതെങ്കിലും ക്ലച്ചു പിടിക്കണേ. ലൈക്കടിച്ചു നിങ്ങളും സഹായിക്കണേ. അപേക്ഷയാണ്” എന്നാണ് ഷാജി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
താൻ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഷാജി പങ്കുവെച്ചത്. എന്നാൽ ഇത് മനസ്സിലാക്കാതെ താരം ശരിക്കും മീൻ കച്ചവടത്തിനിറങ്ങിയെന്ന് കരുതിയാണ് ആളുകൾ കമന്റ് ചെയ്യുന്നത്. ചിലർ ഷാജിയുടെ പുതിയ ഉദ്യമത്തിന് ആശംസ നേരുമ്പോൾ മറ്റ് ചിലരാകട്ടെ മിമിക്രിയെ അപമാനിച്ചെന്നും മീൻ വിൽക്കുന്ന ജോലിയെ അപമാനിച്ചെന്നുമൊക്കെ പറഞ്ഞ് ഷാജിയെ വിമർശിക്കുകയാണ്.
‘ഏതു തൊഴിലിനും മാന്യതയുണ്ട്. അതു എപ്പോഴും ഓർക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ ദൈവ വചനം’, ‘ഇതു മോശം ജോലി എന്ന് ആരു പറഞ്ഞു അണ്ണാ, സിനിമാക്കാരെക്കാൾ മാന്യതയുള്ള തൊഴിൽ. പണ്ട് മീൻ വാങ്ങാൻ പുറകെ ഓടി പോകുന്നത് ഇപ്പോഴും ഓർക്കുന്നു’, ‘മിമിക്രിയിലും മറ്റ് കലകളെ പോലെ കഴിവ് മാത്രം പോരാ. സാധനയും, ഇച്ചിരി പരിശ്രമവും, അർപ്പണമനോഭാവവും കൂടെ വേണം. നിങ്ങൾക്ക് നിങ്ങളുടെ നെഞ്ചത്ത് കൈ വെച്ച് പറയാൻ പറ്റുമോ മിമിക്രി കൊണ്ടും കോമഡി കൊണ്ടും നിങ്ങൾക്ക് വരുമാനം കിട്ടിയിട്ടില്ല എന്ന്? ചുമ്മാ മണ്ടത്തരം പറയരുത്. പിന്നെ മീൻ കച്ചവടം അത്ര മോശം പണിയാണോ? നോക്കിയും കണ്ടും ചെയ്താൽ നല്ല വരുമാനമുള്ള പണിയാണ്’ എന്നിങ്ങനെയാണ് ഉയരുന്ന വിമർശന കമന്റുകൾ.
ഇതിനിടെ കാര്യം മനസ്സിലാക്കിയവർ നടനെ പിന്തുണച്ചുമെത്തുന്നുണ്ട്. ‘അല്ലേലും മലയാളിക്ക് നല്ല സംസ്കാരമാ. ഒരു നല്ല കലാകാരൻ ഒരു ചെറിയ തമാശ എഴുതി, അതിന് ഇത്രമാത്രം തേജോവധം! ഈ വിമർശകരുടെ പ്രശ്നം എന്താണ്? അദ്ദേഹം നല്ല നിക്കറിട്ടതോ, അതോ പാവപ്പെട്ടവന്റെ വീടിനു അടുത്തു നിന്നതോ? അദ്ദേഹം മിമിക്രിക്കാരൻ ആയതുകൊണ്ട് മീൻ കച്ചവടം ചെയ്യാൻ പാടില്ലേ? ഇത് അതൊന്നുമല്ല, നല്ല ഒന്നാന്തരം അസൂയ! നല്ലൊരു കലാകാരനെ ഇല്ലാതാക്കിയാൽ കിട്ടുന്നൊരു സുഖം. ഒന്ന് പോടാ, അദ്ദേഹം ഇനിയും ഉയരും’ എന്നാണ് പിന്തുണച്ചെത്തിയ ഒരാളുടെ കമന്റ്.
English Summary
Mimicry artist and actor Shaji Mavelikkara triggered a online debate after posting a photo of himself as a fish vendor on a bicycle with a caption claiming mimicry yields no livelihood and he is switching professions. While the photo was actually taken on a movie set, many social media users misinterpreted it as a real-life career change, leading to mixed reactions—some criticising him for allegedly disrespecting professions, while others stepped in to defend his playful post as a joke.
For more details: The Indian Messenger



